SHARE

വനിതാ ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയുടെ തോൽവിയേക്കാൾ ചർച്ചയായത് ഇതിഹാസ താരം മിതാലി രാജിനെ കളിപ്പിക്കാതിരുന്നതാണ്. ആരാധകരിൽ വളരെയേറെ അമർഷം സൃഷ്ടിച്ച തീരുമാനത്തിന്റെ പേരിൽ വാക്പോരുകളും ഉണ്ടായി. എന്നാൽ ഇതുവരെ അതേക്കുറിച്ച് ഒന്നും പറയാതിരുന്ന മിതാലി ഇപ്പോൾ, ടീം പരിശീലകൻ രമേഷ് പവാറടക്കമുള്ളവർക്കെതിരെ രം​​ഗത്തെത്തിയിരിക്കുകയാണ്

ബി.സി.സി.ഐയ്ക്ക് നൽകിയ കത്തിലാണ് മിതാലിയുടെ രൂക്ഷ വിമർശനം. ഇരുപത് വർഷത്തെ കരിയറിനിടെ ആദ്യമായി താൻ തകർന്നുപോയത് ഇപ്പോഴാണെന്ന് കത്തിൽ പറയുന്നു. തന്റെ ആത്മവിശ്വാസം ഇല്ലാതാക്കാനും തന്നെ തകർ‍ക്കാനുമായി ശ്രമിക്കുന്ന ചിലരുണ്ടെന്നും മിതാലി കൂട്ടിച്ചേർത്തു. പരിശീലകൻ പലപ്പോഴും പക്ഷാപാതപരമായാണ് പെരുമാറിയത്, മറ്റ് കളിക്കാർ നെറ്റ്സിൽ പരിശീലനം നടത്തുമ്പോൾ അദ്ദേഹം അത് ശ്രദ്ധിക്കും, എന്നാൽ ഞാൻ പരിശീലനം നടത്തുമ്പോഴേക്കും അദ്ദേഹം അവിടെനിന്ന് എഴുന്നേറ്റ് പോകും. ഞാൻ അടുത്തേക്ക് ചെല്ലുമ്പോഴും സംസാരിക്കാൻ തുടങ്ങുമ്പോഴും പരിശീലകൻ ഫോണിൽ നോക്കി ഇരിക്കുകയോ നടന്നുപോകുകയോ ചെയ്യും മിതാലി വിശദീകരിച്ചു.

മുൻ ടീം ക്യാപ്റ്റനും ബി.സി.സി.ഐ ഭരണസമിതി അം​ഗവുമായ ഡയാന എഡുൽജിക്കെതിരേയും വിമർശനം മിതാലി ഉയർത്തി. തന്നെ കളിപ്പിക്കാതിരുന്ന തീരുമാനത്തെ, എഡുൽജി ന്യായീകരിച്ചത് വേദനിപ്പിച്ചെന്ന് മിതാലി പറഞ്ഞു. തന്നെ ടീമിൽ നിന്നൊഴിവാക്കാനുള്ള പരിശീലകന്റെ തീരുമാനത്തിന് പിന്തുണ നൽകിയ കാര്യത്തിലൊഴിച്ച്, ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമായി ഒരു പ്രശ്നവുമില്ലെന്നും മിതാലി വ്യക്തമാക്കി