SHARE

ലോകകപ്പ് ചരിത്രത്തില്‍ ശ്രദ്ധേയമായ അട്ടിമറികള്‍ നടത്തിയ രാജ്യമാണ് ക്രൊയേഷ്യ. 1998ലെ തങ്ങളുടെ ആദ്യ ലോകകപ്പില്‍ തന്നെ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരുന്നു. അന്ന് സെമിഫൈനലില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ജര്‍മ്മനിയെയും ലൂസേഴ്‌സ് ഫൈനലില്‍ നെതര്‍ലന്‍ഡിനെയും തോല്‍പ്പിച്ച് അവര്‍ ലോക ഫുട്‌ബോളില്‍ ചരിത്രം രചിച്ചു. ലോക ശക്തികളായ ജര്‍മ്മന്‍ പടയെ അവര്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് തകര്‍ത്ത് വിട്ടത്.

അന്ന് അര്‍ജന്റീന, ജമൈക്ക, ജപ്പാന്‍ എന്നിവരടങ്ങിയ ഗ്രൂപ്പ് എച്ചില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായണ് ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. അര്‍ജന്റിനക്കെതിരെ മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ അവര്‍ പരാജയപ്പെട്ടത്, അതും ഒരു ഗോളിന്. പ്രീ ക്വാര്‍ട്ടറില്‍ റൊമാനിയയെ മറികടക്കുകയും ചെയ്തതിന് ശേഷമാണ് അവര്‍ അദ്ഭുതം കാട്ടിയത്. 2002ലും 2006ലും ക്രൊയേഷ്യക്കാര്‍ ആദ്യ റൗണ്ടില്‍ പുറത്തായി. കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ നടന്ന ലോകകപ്പിന് യോഗ്യത നേടിയതുമില്ല. എന്നാല്‍ ഇത്തവണ സൂപ്പര്‍ താരങ്ങളടങ്ങിയ ടീമുമായി തന്നെയാണ് ക്രൊയേഷ്യയുടെ വരവ്.

ലോകകപ്പിന് വേണ്ടിയുള്ള 32 അംഗ സാധ്യതാ ടീമിനെ കോച്ച് സ്ലാട്‌കോ ഡാലിച്ച് ഇന്ന് പ്രഖ്യാപിച്ചു. മധ്യനിരയില്‍ റയല്‍ മഡ്രിഡ് താരം ലൂക്ക മോഡ്രിച്ചും ബാഴ്‌സലോണയുടെ ഇവാന്‍ റാകിറ്റിച്ചുമാണ് അവരുടെ ശക്തി. ഇരുവര്‍ക്കുമൊപ്പം ഈ സീസണില്‍ യുവന്റസിലൂടെ ഇറ്റാലിയന്‍ ലീഗ് കിരീടം നേടിയ മുന്നേറ്റതാരം മരിയോ മന്‍ഡുസൂകിച്ചും ടീമില്‍ ഇടംകണ്ടെത്തിയിട്ടുണ്ട്. പ്രതിരോധത്തില്‍ ലിവര്‍പൂള്‍ താരം ഡെജാന്‍ ലോവ്‌റനൊപ്പം വെഡ്രാന്‍ കോര്‍ലുക്കയും ടീമിനൊപ്പമുണ്ട്. ഡാനിയേൽ സുഭാസിച്ച്, ലോവ്രെ കലിനിച്ച് തുടങ്ങിയവരാണ് ടീമിലെ പ്രധാന ഗോള്‍കീപ്പര്‍മാര്‍. ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീന, ഐസ്‌ലന്‍ഡ്, നൈജീരിയ എന്നിവര്‍ക്കൊപ്പമാണ് ഇത്തവണ ക്രൊയേഷ്യ ലോകകപ്പ് കളിക്കുന്നത്. ജൂണ്‍ 16ന് നൈജീരിയക്കെതിരെയാണ് അവരുടെ ആദ്യ മത്സരം.