SHARE

ക്രൊയേഷ്യൻ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച താരം ലൂക്കാ മോഡ്രിച്ചാണെന്ന് സഹതാരം ഇവാൻ റാക്കിട്ടിച്ച്. റഷ്യൻ ലോകകപ്പിൽ തങ്ങളുടെ പ്രീക്വാർട്ടർ മത്സരത്തിന് തയ്യാറെടുക്കുന്നതിനിടെ മനസ് തുറക്കുകയായിരുന്നു അദ്ദേഹം. മോഡ്രിച്ച് ഫുട്ബോൾ കളിക്കുന്നത് മറ്റൊരു തലത്തിൽ നിന്നാണെന്നും അദ്ദേഹത്തിനൊപ്പം ക്രൊയേഷ്യൻ ടീമിൽ കളിക്കാൻ കഴിയുന്നത് തന്റെ ഭാഗ്യമാണെന്നും റാക്കിട്ടിച്ച് കൂട്ടിച്ചേർത്തു.

” ലൂക്കാ ക്രൊയേഷ്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോളറാണ്. മികച്ച ഫുട്ബോളർ എന്നതിന് ഉപരി നല്ലൊരു മനുഷ്യനും, നല്ലൊരു നേതാവും കൂടിയാണ് അദ്ദേഹം. ഞങ്ങളെല്ലാവരും അദ്ദേഹത്തിന്റെ കളിരീതികളേയും കളിക്കളത്തിലെ പെരുമാറ്റത്തെയുമെല്ലാം പിന്തുടരാൻ ശ്രമിക്കുന്നുണ്ട്” മോഡ്രിച്ച് പറഞ്ഞുനിർത്തി.

റയൽ മാഡ്രിഡിനൊപ്പം 4 ചാമ്പ്യൻസ് ലീഗ് കിരീട നേട്ടങ്ങളിൽ പങ്കാളിയായ മോഡ്രിച്ച് റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യയുടെ നായകൻ കൂടിയാണ്. അർജന്റീന, ഐസ്ലൻഡ്, നൈജീരിയ എന്നിവരടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇത്തവണ ക്രൊയേഷ്യ ലോകകപ്പിന്റെ പ്രീക്വാർട്ടറിലെത്തിയിരിക്കുന്നത്. മോഡ്രിച്ചിന്റേയും റാക്കിട്ടിച്ചിന്റേയും മികച്ച ഫോമാണ് ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ക്രൊയേഷ്യയെ സഹായിച്ചത്.