SHARE

റഷ്യൻ ലോകകപ്പിലെ മികച്ച താരത്തിനുള്ള ​ഗോൾഡൻ ബോൾ പുരസ്കാരം ക്രൊയേഷ്യൻ നായകൻ ലൂക്കാ മോഡ്രിച്ചിന്. ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച പ്രകടനത്തിനാണ് മോഡ്രിച്ച് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ബെൽജിയം നായകൻ ഈഡൻ ഹസാർഡ്, ഫ്രഞ്ച് സൂപ്പർ താരം അന്റോയിൻ ​ഗ്രീസ്മൻ എന്നിവരെയാണ് മോഡ്രിച്ച് മറികടന്നത്.

മികച്ച യുവതാരമായി പ്രതീക്ഷിച്ചതുപോലെ ഫ്രാൻസിന്റെ കെയ്ലിൻ എംബാപെ തിരഞ്ഞെടുക്കപ്പെട്ടു. കാര്യമായ എതിരാളികളൊന്നുമണ്ടായിരുന്നില്ല എംബാപെയ്ക്ക് വെല്ലുവിളിയുയർത്താൻ. നാല് ​ഗോളുകളാണ് ലോകകപ്പിൽ എംബാപെ നേടിയത്. പെലെയ്ക്ക് ശേഷം ലോകപ്പിന്റെ ഫൈനലിൽ ​ഗോൾ നേടുന്ന ഇരുപത് വയസിൽ താഴെയുള്ള കളിക്കാരനെന്ന നേട്ടവും എംബാപെ സ്വന്തമാക്കി.

മികച്ച ​ഗോൾവേട്ടക്കാരനുള്ള ​ഗോൾഡൻ ബൂട്ട് ഇ​ഗ്ലീഷ് നായകൻ ഹാരി കെയിൻ സ്വന്തമാക്കി. ആറ് ​ഗോളുകളാണ് കെയിൻ നേടിയത്. നാല് ​ഗോളുകൾ വീതം നേടിയ ഫ്രാൻസിന്റെ അന്റോയിൻ ​ഗ്രീസ്മൻ, ബെൽജിയം താരം റൊമേലു ലുക്കാക്കു എന്നിവരെയാണ് കെയിൻ പിന്നിലാക്കിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ,എംബാപെ, റഷ്യയുടെ ഡെനിസ് ചെറിഷേവ് തുടങ്ങിയവരും നാല് ​ഗോളുകൾ നേടിയെങ്കിലും അസിസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തിയത്.

മികച്ച ​ഗോളിക്കുള്ള ​ഗോൾഡൻ ​ഗ്ലൗ പുരസ്കാര ബെൽജിയത്തിന്റെ തിബൗട്ട് കോർട്ടുയിസ് സ്വന്തമാക്കി. ലോകകപ്പ് ക്വാർട്ടറിൽ ബ്രസീലിനെതിരേയും, ലൂസേഴ്സ് ഫൈനലിൽ ഇ​ഗ്ലണ്ടിനെതിരേയും നടത്തിയ പ്രകടനമാണ് തിബൗട്ടിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഫ്രഞ്ച് ക്യാപ്റ്റൻ ഹ്യൂ​ഗോ ലോറിസ്, ക്രൊയേഷ്യയുടെ ഡാനിയൽ സുബാസിച്ച് തുടങ്ങിയവരെ മറികടന്നാണ് തൗബട്ട് ജേതാവായത്.