SHARE

മൂന്നാം ഏകദിനത്തിൽ ഇന്ന് ശ്രീലങ്കയെ നേരിടാനൊരുങ്ങവേ പരമ്പരയിൽ തങ്ങളുടെ പ്രധാന ഭീഷണി ആരെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് ഓൾ റൗണ്ടർ മോയിൻ അലി. ശ്രീലങ്കൻ സീനിയർ പേസർ ലസിത് മലിംഗയെയാണ്‌ പരമ്പരയിൽ ഇംഗ്ലണ്ടിന്റെ പ്രധാന വെല്ലുവിളിയായി അലി ചൂണ്ടിക്കാട്ടുന്നത്. മികച്ച ഫോമിൽ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ മലിംഗയുടെ ബോളിംഗ് എതിരാളികൾക്കെല്ലാം പേടിസ്വപ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“മലിംഗയാണ് പരമ്പരയിൽ തങ്ങളുടെ പ്രധാന ഭീഷണി. ഏറെ മനോഹരമായാണ് അദ്ദേഹം ഇപ്പോൾ പന്തെറിയുന്നത്. കഴിഞ്ഞ മത്സരത്തിന് ശേഷം ഞങ്ങൾ ടീമംഗങ്ങളെല്ലാം കൂടിയിരുന്ന് മലിംഗയുടെ ബോളിംഗിനെക്കുറിച്ച് ചർച്ച ചെയ്തു. കാരണം അദ്ദേഹമാണ് തങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി. മലിംഗയ്ക്കെതിരെ കളിക്കുമ്പോൾ ബാറ്റ്സ്മാന്മാർക്ക് ഏറെ ശ്രദ്ധ ആവശ്യമാണ്”. സ്കൈ സ്പോർട്സിനോട് സംസാരിക്കവെ മോയിൻ അലി പറഞ്ഞു.

അതേ സമയം ഇക്കഴിഞ്ഞ ഏഷ്യാകപ്പിൽ കളിച്ച് കൊണ്ട് ശ്രീലങ്കയുടെ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ മലിംഗ തകർപ്പൻ ഫോമിലാണ് നിലവിൽ കളിച്ച് കൊണ്ടിരിക്കുന്നത്. തിരിച്ചുവരവിന് ശേഷം 4 മത്സരങ്ങൾ കളിച്ച മലിംഗ 10 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ നേടിയ അഞ്ച് വിക്കറ്റ് നേട്ടമുൾപ്പെടെയാണിത്.