SHARE

കഴിഞ്ഞ സീസണില്‍ ഗോകുലം കേരള എഫ്‌സിയുടെ ക്യാപ്റ്റനായിരുന്ന മുഹമ്മദ് ഇര്‍ഷാദ് ഇക്കുറി പന്തു തട്ടുക ഐലീഗ് ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബിനു വേണ്ടി. കേരള ഫുട്‌ബോള്‍ ലൈവിന്റെ പ്ലെയര്‍ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമിലൂടെയാണ് ഇര്‍ഷാദിന് ചാമ്പ്യന്‍ ക്ലബിലേക്കുള്ള വഴി തെളിഞ്ഞത്. മിനര്‍വ പഞ്ചാബ് ഒരു ഇന്ത്യന്‍ താരത്തിനു നല്കുന്ന ഉയര്‍ന്ന പ്രതിഫലമാണ് ഇര്‍ഷാദിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത്തവണത്തെ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന്റെ യോഗ്യത റൗണ്ടില്‍ കളിക്കാനും ഈ മലപ്പുറം സ്വദേശിക്കും അവസരം ലഭിക്കും.

കഴിഞ്ഞ സീസണില്‍ ഗോകുലത്തിന്റെ ക്യാപ്റ്റനായിരുന്ന ഇര്‍ഷാദിന് നിരവധി ക്ലബുകളില്‍ നിന്നും ഓഫര്‍ വന്നിരുന്നു. ഗോകുലവും താരത്തിനു വലിയ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പഞ്ചാബ് ടീമിനെ തെരഞ്ഞെടുക്കാന്‍ ഇര്‍ഷാദ് തീരുമാനിക്കുകയായിരുന്നു. തിരൂര്‍ സാറ്റ് അക്കാഡമിയിലൂടെ വളര്‍ന്നു ഇര്‍ഷാദ് ഡിഎസ്‌കെ പൂനെയിലെത്തിയതോടെയാണു ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.

മഹാരാഷ്ടയ്ക്ക് വേണ്ടി സന്തോഷ് ട്രോഫിയിലും നാഷണല്‍ ഗെയിംസിലും ബൂട്ടണിഞ്ഞിട്ടുള്ള ഈ തിരൂരുകാരന്‍ 2015ലെ ദേശീയ ഗെയിംസിലും ഗോള്‍ നേടിയിട്ടുണ്ട്. സാറ്റ് തിരൂരിലൂടെയാണ് ഇര്‍ഷാദ് കരിയര്‍ തുടങ്ങുന്നത്. സാറ്റില്‍ ഇര്‍ഷാദിന്റെ സഹതാരമായിരുന്ന അബ്ദുല്‍ ഹക്കുവിനെ ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു.

കടപ്പാട്: കേരള ഫുട്‌ബോള്‍ ലൈവ്‌