SHARE

ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ , ഓസ്ട്രേലിയക്കെതിരെയും, ന്യൂസിലൻഡിനെതിരെയും നടക്കാനിരിക്കുന്ന ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്നും, 2019 ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും അദ്ദേഹമുണ്ടാവണമെന്നും മുൻ ഇന്ത്യൻ നായകൻ മൊഹമ്മദ് അസറുദ്ദീൻ. സിഡ്നി ടെസ്റ്റിലെ പന്തിന്റെ തകർപ്പൻ സെഞ്ചുറിക്ക് പിന്നാലെയായിരുന്നു തന്റെ അഭിപ്രായം വ്യക്തമാക്കി അസറുദ്ദീൻ രംഗത്ത് വന്നത്.

നേരത്തെ ഓസ്ട്രേലിയക്കെതിരെയും, ന്യൂസിലൻഡിനെതിരെയും നടക്കാനിരിക്കുന്ന ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഋഷഭ് പന്തിനെ സെലക്ടർമാർ ഒഴിവാക്കിയിരുന്നു. പന്തിനെ ഒഴിവാക്കി പകരം കാർത്തികിനെ ടീമിൽ ഉൾപ്പെടുത്തിയ സെലക്ടർമാരുടെ നീക്കം അന്ന് തന്നെ വലിയ ചർച്ചയായിരുന്നു. നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ഓസീസ് പര്യടനത്തിലെ പന്തിന്റെ തകർപ്പൻ പ്രകടനം കണ്ട് സെലക്ടർമാർ അദ്ദേഹത്തെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിക്കുമെന്നാണ് ഇപ്പോൾ ആരാധക പ്രതീക്ഷ.

“ഇന്ത്യയ്ക്ക് ഇപ്പോളും പന്തിനെ ഏകദിന ടീമിൽ ഉൾപ്പെടുത്താൻ സമയമുണ്ട്. അദ്ദേഹം ആക്രമണകാരിയായ ബാറ്റ്സ്മാനാണ്. പന്ത് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലുണ്ടാവണം”. അസറുദ്ദീൻ പറഞ്ഞുനിർത്തി.