SHARE

കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് ലോണില്‍ ചെന്നൈയ്ന്‍ എഫ്‌സിയിലേക്ക് പോയ സി.കെ. വിനീതിനെതിരേ മഞ്ഞപ്പട ആരാധകക്കൂട്ടായ്മ സോഷ്യല്‍മീഡിയ വഴി അപവാദം പ്രചരിപ്പിക്കുന്നുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി മുഹമ്മദ് റാഫി രംഗത്ത്. ബ്ലാസ്റ്റേഴ്‌സില്‍ കളിച്ചിരുന്ന കാലത്ത് തനിക്കും ഇത്തരത്തില്‍ വളരെ മോശം അനുഭവമുണ്ടായെന്നും വിനീതിന് ഇപ്പോള്‍ സംഭവിക്കുന്നത് ഭാവിയില്‍ അനസ് എടത്തൊടികയ്ക്കും സഹല്‍ അബ്ദുള്‍ സമദിനുമാകും നേരിടേണ്ടി വരികയെന്നും റാഫി വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് റാഫിയുടെ തുറന്നുപറച്ചില്‍.

തനിക്കും ബ്ലാസ്റ്റേഴ്സ് ആരാധകരില്‍ നിന്ന് മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ക്ലബ്ബ് വിട്ടപ്പോള്‍ മനസ്സമാധാനത്തോടെ കളിക്കാനാകുന്നുണ്ടെന്നും റാഫി പറഞ്ഞു. വലിയ ഓഫറുകളൊക്കെ നിരസിച്ചിട്ടാണ് കേരളത്തിനു വേണ്ടി, സ്വന്തം നാടിനു വേണ്ടി കളിക്കാന്‍ നിന്നിരുന്നത്. എന്നിട്ടാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത്. ടീമില്‍ നിന്ന് പോയ ശേഷം ഇത്തരം ആക്രമണങ്ങളൊന്നുമില്ല- റാഫി പറയുന്നു.

എനിക്കെതിരെ മോശം പ്രചാരണമൊക്കെ ഉണ്ടായ ശേഷം ഫൈനലില്‍ ഗോളടിച്ചപ്പോള്‍ ചീത്ത വിളിച്ചവരൊക്കെ സോറി പറഞ്ഞുവന്നിരുന്നു. എല്ലാം പറഞ്ഞുകഴിഞ്ഞിട്ട് സോറിയുമായി വന്നിട്ടെന്ത് കാര്യം. കളിച്ചാലും പുറത്തിരുന്നാലുമൊക്കെ തെറിവിളിക്കുകയാണ് മഞ്ഞപ്പടക്കാര്‍. പുറത്തിരുന്നാല്‍ പറയും അവന്‍ പുറത്തിരുന്ന് പ്രാര്‍ത്ഥിച്ചതുകൊണ്ടാണ് കളി തോറ്റതെന്ന്. തെറി വിളിക്കുന്നവര്‍ യഥാര്‍ത്ഥ ആരാധകരല്ല. ശരിയായ ആരാധകര്‍ ടീമിനൊപ്പമുണ്ടാകുമെന്നും റാഫി പറയുന്നു.