SHARE

ഐ-ലീ​ഗിൽ കൊൽക്കത്ത ക്ലബ് മൊഹമ്മദെൻ വിജയക്കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ പുതുമുഖങ്ങളായ ശ്രീനിധി ഡെക്കാനെ അവർ തകർത്തു. ഇതോടെ പോയിന്റ് പട്ടികയിൽ മൊ​ഹമ്മദെൻ ഒന്നാം സ്ഥാനത്ത് മേധാവിത്വമുറപ്പിച്ചു.

ബം​ഗാളിലെ നയിഹാതി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു മൊഹമ്മദന്റെ ജയം. മത്സരത്തിന്റെ പത്താം മിനിറ്റിൽ കൊളംബിയൻ താരം ഡേവിഡ് മുനോസിന്റെ ​ഗോളിൽ ശ്രീനിധിയാണ് അദ്യം മുന്നിലെത്തിയത്. എന്നാൽ 40-ാം മിനിറ്റിൽ ട്രിനിഡാഡ് സ്ട്രൈക്കർ മാർക്കസ് ജോസഫിലൂടെ മൊഹമ്മ​ദെൻ ഒപ്പമെത്തി.

ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും രണ്ടാം പകുതിയിൽ മൊഹമ്മദെൻ കളി വരുതിയിലാക്കി. 51-ാം മിനിറ്റിൽ മാർക്കസ് വീണ്ടും വലകുലുക്കിയതോടെ മൊഹമ്മദെന് ലീഡായി. പിന്നീട് 88-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് മോണ്ടിനെ​ഗ്രൻ മിഡ്ഫീൽഡർ ആൻഡെലോ റൂഡോവിച്ച് മൊഹമ്മദെന് ജയം സമ്മാനിച്ചു.

കളിച്ച മൂന്ന് ലീ​ഗ് മത്സരങ്ങളിലും വിജയം നേടി ഒമ്പത് പോയിന്റുമായാണ് മൊഹമ്മദെൻ ഇപ്പോൾ ഒന്നാമതുള്ളത്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും രണ്ട് തോൽവിയുമായി മൂന്ന് പോയിന്റുള്ള ശ്രീനിധി ഏഴാം സ്ഥാനത്താണ്.