SHARE

അടുത്ത ഐ-ലീ​ഗ് സീസണിലെ വിജയികളെ കാത്തിരിക്കുന്നത് കിരീടത്തിനൊപ്പം ഐഎസ്എല്ലിലേക്കുള്ള സ്ഥാനക്കയറ്റം കൂടിയാണ്. ഇക്കാരണത്താൽ തന്നെ അടുത്ത ഐ-ലീ​ഗിന് ആവേശം കൂടും. പരിശീലകൻ വിൻസെൻസോ ആൽബെർട്ടോ അന്നെസെ ​ഗോകുലം കേരള വിട്ടതോടെ അടുത്ത ഐ-ലീ​ഗിലെ ഏറ്റവും വലിയ ഫേവറിറ്റുകൾ മൊഹമ്മദെൻ എസ്‌സിയാണ്.

കൊൽക്കത്ത വമ്പന്മാരായ മൊഹമ്മദെൻ ഐഎസ്എല്ലിലേക്ക് ചുവടുമാറ്റാൻ രണ്ടും കൽപ്പിച്ചാണ് രം​ഗത്തുള്ളത്. ഒരുപിടി യുവതാരങ്ങളുടെ സൈനിങ് പൂർത്തിയാക്കിയ ക്ലബ് ചില താരങ്ങളുടെ കരാറും പുതുക്കി. ഏറ്റവുമൊടുവിലായിപ്പോൾ ഒരു വിദേശാതാരത്തെ കൂടി അവർ ഒപ്പം കൂട്ടി. തജികിസ്ഥാനിൽ നിന്നുള്ള നൂറിദിൻ ദാവ്റൊനോവിനെയാണ് മൊഹമ്മദൻ ടീമിലെത്തിച്ചത്. 31-കാരനായ ദാവ്റൊനോവ് ഡിഫൻസീവ് മിഡ്ഫീൽ‍ഡറാണ്.

തജിക്സ്ഥാന് പുറമെ ബൾ​ഗേറിയ, സെർബിയ, ഇന്തോനീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഒന്നാം ഡിവിഷനുകളിൽ കളിച്ച താരമാണ് ദാവ്റൊനോവ്. 2008 മുതൽ തജിക്സ്ഥാൻ ദേശീയ ടീമിനായി കളിക്കുന്ന ദാവ്റൊനോവ് 50 തവണ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. എട്ട് ​ഗോൾ രാജ്യത്തിനായി നേടിയ ദാവ്റൊനോവ്, ടീം ക്യാപ്റ്റനുമായിരുന്നു.