SHARE

ഡ്യൂറാൻഡ് കപ്പിൽ കൊൽക്കത്ത ക്ലബ് മൊഹമ്മ​​ദെൻ എസ്‌സി ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ ബെം​ഗളുരു യുണൈറ്റഡിനെയാണ് മൊഹമ്മദെൻ വീഴ്ത്തിയത്. അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ രണ്ടിനെതിരെ നാല് ​ഗോളുകൾക്കായിരുന്നു മൊഹമ്മദെന്റെ ജയം.

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആ​ദ്യ മിനിറ്റിനുള്ളിൽ തന്നെ ബെം​ഗളുരു ലിഡെടുത്തു. മൊഹമ്മദൻ പ്രതിരോധത്തിന്റെ പിഴവിൽ നിന്ന് കിട്ടിയ പന്ത് സ്പാനിഷ് താരം പെഡ്രോ മാൻസി വലയിലെത്തിക്കുകയായിരുന്നു. ബെം​ഗളുരുവിന്റെ അപ്രതീക്ഷിത ​ഗോളി‍ൽ ഒന്ന് പകച്ചെങ്കിലും മൊഹമ്മദൻ അധികം വൈകാതെ തിരിച്ചടിച്ചു.

ഒമ്പതാം മിനിറ്റിൽ പെനാൽറ്റി ബോക്സിനുള്ളിൽ വച്ച് മൂന്ന് ബെം​ഗളുരു താരങ്ങളെ കബളിപ്പിച്ച് മാർക്കസ് ​ജോസഫാണ് വലകുലുക്കിയത്. മത്സരത്തിന്റെ 37-ാം മിനിറ്റിൽ മൊഹമ്മദെൻ ലീഡ് നേടി. ഇക്കുറി അലി ഫൈസലാണ് വലകുലുക്കിയത്. ആദ്യ ​ഗോൾ നേടി മാർകസാണ് ഇക്കുറി ​ഗോളിന് വഴിയൊരുക്കിയത്.

ആദ്യ പകുതിയിൽ നേടിയ ലീഡുമായി മൊഹമ്മദെൻ വിജയപ്രതീക്ഷയിലായിരുന്നു. എന്നാൽ 78-ാം മിനിറ്റിൽ ബെം​ഗളുരു ഒപ്പമെത്തി. കിൻഷുക്ക് ദേബ്നാഥിന്റെ ​ഗോളിലായിരുന്നു അവർ സമനില പിടിച്ചത്. മത്സരത്തിന്റെ 90-ാം മിനിറ്റിൽ മാൻസി ചുവപ്പുകാർഡ് കണ്ട് പുറത്തായത് ബെം​ഗളുരുവിന് തിരിച്ചടിയായി.

നിശ്ചിതസമയത്ത് സ്കോർനില തുല്യത പാലിച്ചതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. 103-ാം മിനിറ്റിൽ മൊഹമ്മദെൻ വീണ്ടും ലീഡെടുത്തു. ബ്രണ്ടൻ വാൻലാൽറെംഡികയാണ് മൊഹ​മ്മദെനായി വലകുലുക്കിയത്. 110-ാം മിനിറ്റിൽ ബെം​ഗളുരുവിന്റെ പെട്ടിയിൽ അവസാന ആണിയുമടിച്ചു മൊഹമ്മദെൻ. ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റൻ കൂടിയായ സെർബിയൻ താരം നിക്കോള സ്റ്റൊജനോവിച്ച് മൊഹമ്മദനെ ഫൈനലിലേക്ക് നയിച്ചു.