SHARE

ഐ-ലീ​ഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തിയ കൊൽക്കത്ത ക്ലബ് മൊഹമ്മൻദൻസ് പരിശീലകനായി ജോസ് ഹെവിയയെ നിയമിച്ചു. സ്പാനിഷ് പരിശീലകനാണ് ഹെവിയ. യുവേഫയുടെ പ്രോ ലൈസൻസ് കൈവശമുള്ള പരിശീലകൻ കൂടിയാണ് ഹെവിയ

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മൊഹമ്മദൻസ് ഐ-ലീ​ഗിലേക്ക് തിരിച്ചെത്തുന്നത്. ഇതിനിടെ ക്ലബിലേക്ക് പുതിയ നിക്ഷേപകരുമെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഐ-ലീ​ഗിൽ കിരീടപ്രതീക്ഷയുമായി തന്നെ പഴയ വമ്പന്മാരുടെ വരവ്. നേരത്തെ യാൻ ലോയെയാണ് ക്ലബ് പരിശീലകനായി നിയമിച്ചത്. എന്നാൽ ഐ-ലീ​ഗ് യോ​ഗ്യതാ റൗണ്ടിൽ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ക്ലബ് ലോയെ പുറത്താക്കിയിരുന്നു. ചില വിവാദസാഹചര്യങ്ങളിലായിരുന്നു ഈ പുറത്താക്കൽ. ഈ ഒഴിവിലേക്കാണിപ്പോൾ ഹെവിയയുടെ വരവ്.

2014 മുതൽ ഇന്ത്യൻ ഫുട്ബോൾ പരിശീലകനരം​ഗത്തുണ്ട് ഹെവിയ. വിവിധ ക്ലബുകളുടെ അക്കാദമി പരിശീലകനായാണ് ഹെവിയ കൂടുതലും പ്രവർത്തിച്ചിട്ടുള്ളത്. റിപ്പോർട്ടുകൾ ശരിയെങ്കിലും ജനുവരി ആദ്യ ആഴ്ചയാകും ഐ-ലീ​ഗ് കിക്കോഫ് ചെയ്യുക. സൂപ്പർ ക്ലബുകളായ മോഹൻ ബ​ഗാനും, ഈസ്റ്റ് ബം​ഗാളുമില്ലാത്ത ഐ-ലീ​ഗാകും ഇക്കുറി നടക്കുക.