SHARE

സീസണില്‍ വമ്പന്‍ നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ കഴിയാതിരുന്ന മോഹന്‍ ബഗാന്‍ അടുത്ത സീസണിലേക്ക് ശക്തമായ ടീമിനെ പടുത്തുയര്‍ത്തുകയാണ്. ഗോകുലത്തിന് വേണ്ടി കളിച്ച ഹെന്റി കിസ്സേക്ക, മിനര്‍വ്വയുടെ അഭിഷേക് അംബേക്കര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെ ബഗാന്‍ ടീമിലെത്തിച്ച കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

എന്നാല്‍ നിഖില്‍ ഖദം, ഷെയ്ഖ് ഫയാസ്, കാമറൂണ്‍ വാട്‌സണ്‍, അക്രം മൊഗ്രാബി എന്നിവര്‍ ബഗാന്‍ വിടുകയും ചെയ്തിട്ടുണ്ട്.  സീസണില്‍ ഗോകുലം കേരളയ്ക്ക് വേണ്ടി കളിച്ച ഹെന്റി കിസ്സേക്ക തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ച വെച്ചത്. വിവിധ ടീമുകള്‍ കിസ്സേക്കയെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതായും ബഗാന്‍ താരവുമായി കരാറിലെത്തിയെന്നും നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. സന്തോഷ് ട്രോഫിയില്‍ ബംഗാളിന് വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ തീര്‍ത്ഥങ്കര്‍ സര്‍ക്കാരും ജിതേന്‍ മുര്‍മുവും ബഗാനിലെത്തിയിട്ടുണ്ട്.

അതോടൊപ്പം ഐ എസ് എല്‍ താരങ്ങളായിരുന്ന അവിനാഷ് റൂയിദാസ്, ഡാരന്‍ കാല്‍ഡീറ, ആമി ഗണേശ് റനവാഡെ തുടങ്ങിയവരും അടുത്ത സീസണില്‍ മോഹന്‍ ബഗാന് വേണ്ടി കളിക്കും. 2017-18 സീസണ്‍ ഐ ലീഗില്‍ മൂന്നാം സ്ഥാനത്തായിരുന്ന ബഗാന്‍ സൂപ്പര്‍ കപ്പ് സെമിഫൈനലില്‍ ബെംഗളുരു എഫ് സിയോട് പരാജയപ്പെട്ടാണ് പുറത്തായത്. ഈ സാഹചര്യത്തിലാണ് വരും സീസണില്‍ ശക്തമായ ടീമിനെ രംഗത്തിറക്കാന്‍ ബഗാന്‍ ശ്രമം നടത്തുന്നത്.