ചര്‍ച്ചില്‍ ബ്രദേഴ്സിനെതിരെ നടന്ന സൂപ്പര്‍ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ മോഹന്‍ ബഗാന് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബഗാന്റെ വിജയം. ഡിഡീക്കയുടെ ഇരട്ട ഗോളുകളാണ് ബഗാന് വിജയം സമ്മാനിച്ചത്. ചര്‍ച്ചിലിന്റെ ആശ്വാസഗോള്‍ വില്ലിസ് പ്ലാസ നേടി. യോഗ്യതാ മത്സരത്തില്‍ ഡല്‍ഹിയെ പരാജയപ്പെടുത്തിയാണ് ചര്‍ച്ചില്‍ സൂപ്പര്‍ കപ്പ് യോഗ്യത നേടിയിരുന്നത്.
ചര്‍ച്ചില്‍ മുന്നേറ്റങ്ങളോടെയാണ് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ മത്സരം തുടങ്ങിയത്. നാലാം മിനുട്ടില്‍ ചര്‍ച്ചില്‍ താരം ധനചന്ദ്ര മീട്ടെ ബഗാന് ബോക്സിലേക്ക് മികച്ചൊരു ക്രോസ്സ് നല്‍കിയെങ്കിലും ഗോള്‍ കീപ്പര്‍ ഷില്‍ട്ടണ്‍ പോള്‍ അനായാസം പന്ത് കയ്യിലൊതുക്കി. ആദ്യ പത്തുമിനുട്ടുകളില് ചര്‍ച്ചില്‍ ആധിപത്യമായിരുന്നു. ബഗാന് താരങ്ങള്‍ക്ക് പന്ത് കയ്യില്‍ വെച്ച് കളിക്കാനേ സാധിച്ചിരുന്നില്ല. എന്നാല്‍ പതുക്കെ അവര്‍ താളം വീണ്ടെടുത്തു. ഡിഡീക്കോയുടെയും ഫയാസിന്റെയും നേതൃത്വത്തില്‍ ചില മുന്നേറ്റങ്ങളും നടത്തി ബഗാന്.
28ാം മിനുട്ടില്‍ ഫയാസിന്റെ ക്രോസ്സില്‍ നിന്ന് ഗോള്‍ നേടാന്‍ ഡിഡീക്കയ്ക്ക് മികച്ചൊരു അവസരവും ലഭിച്ചു. എന്നാല്‍ പന്ത് പോസ്റ്റിന് പുറത്തേക്കാണ് പറന്നത്. 30ാം മിനുട്ടില്‍ ഗോള്‍ നേടി ചര്‍ച്ചില്‍ ബഗാനെ ഞെട്ടിച്ചു. യോഗ്യതാ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ ഇരട്ട ഗോളുകള്‍ നേടിയ ട്രിനിഡാഡ് താരം വില്ലിസ് പ്ലാസയാണ് മികച്ചൊരു മുന്നേറ്റത്തിലൂടെ ബഗാന് വല കുലുക്കിയത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ലഭിച്ച പെനാല്‍ട്ടിയിലൂടെ ബഗാന് ഒപ്പമെത്തി.
ബോക്സിനുള്ളിൽ ഫയാസിനെ ചര്‍ച്ചില്‍ താരം നിക്കോളാസ് ഫെര്‍ണാണ്ടസ് വീഴ്ത്തതിനായിരുന്നു പെനാല്‍ട്ടി. ഡിഡീക്കയെടുത്ത ദുര്‍ബലമായ പെനാല്‍ട്ടി കിക്ക് ചര്‍ച്ചില്‍ ഗോള്‍ കീപ്പര്‍ റിക്കാര്‍ഡോ കോര്ഡോസ തടുത്തെങ്കിലും കയ്യിലൊതുക്കാന്‍ താരത്തിന് സാധിച്ചില്ല. റീബൗണ്ട് വന്ന പന്ത് ഡിഡീക്ക തന്നെ വലയിലേക്ക് ഉയര്‍ത്തിയിട്ടു. അതോടെ ആദ്യ പകുതി അവസാനിച്ചതായി റഫറി വിസില്‍ മുഴക്കുകയും ചെയ്തു. സ്കോര്‍ 1-1.
രണ്ടാം പകുതിയില്‍ കുറച്ച് കൂടി ഉണര്‍ന്ന് കളിക്കുന്ന മോഹന്‍ ബഗാനെയാണ് കണ്ടത്. 47ാം മിനുട്ടില്‍ ബഗാന് താരം അക്രം മൊര്ഗാബിക്ക് ഗോള്‍ നേടാന്‍ മികച്ച അവസരമാണ് ലഭിച്ചത്. ഡിഡീക്ക നല്കിയ ത്രൂബോള്‍ പിടിച്ചെടുത്ത അക്രത്തിന് മുന്നില്‍ ഗോള്‍ കീപ്പര്‍ റിക്കാര്‍ഡോ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ താരത്തിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്കാണ് പോയത്. 70ാം മിനുട്ടില്‍ ഡിഡീക്ക ബഗാനെ മത്സരത്തിലാദ്യമായി മുന്നിലെത്തിച്ചു.
ഓസ്ട്രേലിയന്‍ താരം കാമറൂണ്‍ വാട്സണെടുത്ത ഫ്രീ കിക്കിനൊടുവിലാണ് ഗോള്‍ പിറന്നത്. ലീഡ് നേടിയതോടെ ആത്മവിശ്വാസത്തോടെയാണ് ബഗാന് കളിച്ചത്. എന്നാല്‍ ചര്‍ച്ചില്‍ താരങ്ങള്‍ കളിയില്‍ അല്‍പ്പം പിന്നോക്കം പോവുകയും ചെയ്തു. മത്സരത്തില്‍ നൈജീരിയന്‍ പ്രതിരോധതാരം ഒസാഗീ മണ്‍ഡേ പരുക്കേറ്റ് മടങ്ങിയതും ചര്‍ച്ചിലിന് തിരിച്ചടിയായി. കളിയുടെ അവസാന നിമിഷങ്ങളില്‍ ചര്‍ച്ചിലിന് ഗോള്‍ നേടാന്‍ മികച്ച അവസരങ്ങള്‍ ലഭിച്ചുവെങ്കിലും അതൊന്നും മുതലെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതോടെ കളി ബഗാന് സ്വന്തമാക്കുകയും ചെയ്തു.