SHARE

ഫ്രഞ്ച് ലീ​ഗിലെ നിർണായക മത്സരത്തിൽ കനത്ത തോൽവി നേരിട്ട മൊണാക്കോ, പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുന്നു. പി.എസ്.ജിയോട് കനത്ത തോൽവി ഏറ്റുവാങ്ങി കിരീടം അടിയറവുവെച്ച മത്സരം കാണാനെത്തിയ ആരാധകർക്ക് ടിക്കറ്റ് തുക മടക്കി നൽകുമെന്നാണ് മൊണാക്കോ അധികൃതർ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ തവണത്തെ ലീ​ഗ് ജേതാക്കളായിരുന്നു മൊണാക്കോ. ഇന്നലെ പി.എസ്.ജിക്കെതിരായ മത്സരം ഒന്നിനെതിരെ ഏഴ് ​ഗോളുകൾക്കാണ് മൊണാക്കോ തോറ്റത്. ഇതോടെ അഞ്ച് മത്സരങ്ങൾ ബാക്കിനിൽക്കെ പി.എസ്.ജി കിരീടമുറപ്പിക്കുകയും ചെയ്തു. പി.എസ്.ജിയുടെ മൈതാനത്താണ് മത്സരം നടന്നത്. മത്സരം കാണാനെത്തിയ മൊണാക്കോ ആരാധകരാണ് കനത്ത തോൽവിയിൽ തകർന്നുപോയത്.

ഇതോടെ ക്ലബ് വൈസ് പ്രസിഡൻ്റ് വാദിം വസ്ലിയേവ്, മൊണാക്കോ ആരാധകരോട് തോൽവിയിൽ മാപ്പ് പറഞ്ഞു. ഇതിന് പിന്നാലെയാണ് മത്സരം കാണനെത്തിയ ആരാധകർക്ക് പണം മടക്കിനൽകുമെന്ന് ക്ലബ് ട്വീറ്റ് ചെയ്തത്. എത്രയും പെട്ടന്ന് തന്നെ ഇതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും ട്വീറ്റിൽ പറയുന്നുണ്ട്.