SHARE

ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കെതിരേ വന്‍ വിമര്‍ശനവുമായി അമേരിക്കന്‍ വനിതാ ഫുട്‌ബോള്‍ നായകന്‍ അലക്‌സ് മോര്‍ഗന്‍. പണവും സ്വാധീനവും ഉപയോഗിച്ചാണ് റൊണാള്‍ഡോ കേസുകളില്‍ നിന്ന് രക്ഷപ്പെട്ടതെന്നും പീഡനപരാതിയെ പരാമര്‍ശിച്ച് താരം പറഞ്ഞു. ഈ മാസം ഫിഫ ബെസ്റ്റ് പുരസ്‌കാര വേദിയില്‍ ഇരുവരും പങ്കെടുക്കുന്നുണ്ട്.

മിലാനില്‍ വച്ച് നടക്കുന്ന ഫിഫ പരിപാടിയില്‍ മറ്റേതൊരു താരത്തെയും കാണുന്നതു പോലെയെ താന്‍ റൊണാള്‍ഡോയെയും കാണുന്നുള്ളുവെന്ന് അവര്‍ പറയുന്നു. കഴിഞ്ഞ ജൂലായ് 22ന് അലക്‌സ് ട്വീറ്റ് ചെയ്ത ഒരു വാര്‍ത്ത ലിങ്ക് വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. റൊണാള്‍ഡോ സ്‌പോര്‍ട്‌സിലെ അഴിമതിയുടെ ഐക്കണ്‍ ആണെന്ന തലക്കെട്ടിലുള്ള ലിങ്കാണ് വനിതാ താരം ഷെയര്‍ ചെയ്തത്. അലക്‌സിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ അന്ന് രംഗത്തെത്തിയിരുന്നു.

പണമാണ് റൊണാള്‍ഡോയെ രക്ഷപ്പെടുത്തിയതെന്ന് അലക്‌സ് പറയുന്നു. കൃത്യമായ തെളിവുകള്‍ പീഡനപരാതിയില്‍ അടക്കം റോണോക്കെതിരേ ഉണ്ടായിരുന്നു. കൈനിറയെ പണമുള്ളതിനാല്‍ അയാള്‍ രക്ഷപ്പെട്ടു. ക്രിമിനല്‍ കേസുകളും ഒഴിവായി. വനിതാ താരങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ കിട്ടേണ്ട സമയത്താണ് ഇതൊക്കെ സംഭവിക്കുന്നതെന്നും അലക്‌സ് കൂട്ടിച്ചേര്‍ത്തു.