SHARE

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് നീട്ടിവെച്ച ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ഉപേക്ഷിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞ് കേട്ടിരുന്നത്. എന്നാൽ ഈ വർഷം നടക്കാനിരുന്ന ഏഷ്യാകപ്പും, ടി20 ലോകകപ്പും കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നീട്ടിവെച്ചത് ബിസിസിഐയ്ക്ക് അനുഗ്രഹമായി. ഓസ്ട്രേലിയയിൽ നടക്കാനിരുന്ന ടി20 ലോകകപ്പ് ഈ വർഷം വേണ്ടെന്ന് ഐസിസി തീരുമാനിച്ചതോടെ ഈ സമയം ഐപിഎൽ നടത്താൻ ബിസിസിഐ തീരുമാനിച്ചു. നിലവിൽ പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബർ 19 മുതൽ നവംബർ 8 വരെ യു എ ഇ യിലാകും ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുക.

അതേ സമയം എന്ത് കൊണ്ടായിരിക്കും ഈ വർഷത്തെ ഐപിഎൽ ഏത് വിധേനയും നടത്താൻ ബിസിസിഐ താല്പര്യപ്പെടുന്നത്? ടൂർണമെന്റ് നടന്നില്ലെങ്കിൽ അവർക്ക് നഷ്ടമാകുന്ന കോടികൾ തന്നെ കാരണം. ഞെട്ടിക്കുന്ന തുകയാണ് ഇത്തവണ ഐപിഎൽ നടന്നില്ലെങ്കിൽ ബിസിസിഐയ്ക്ക് നഷ്ടം വരുക. 4000 കോടി രൂപയോളമാണ് ഒരു‌ സീസൺ ഐപിഎല്ലിൽ നിന്ന് ബിസിസിഐയ്ക്ക് ലഭിക്കുന്നത്. ഇത് നഷ്ടപ്പെടുത്താൻ ആഗ്രഹമില്ലാത്തതിനാലാണ് പ്രതികൂല സാഹചര്യമായിട്ടും ടൂർണമെന്റ് നടത്താൻ അവർ തീരുമാനിച്ചത്.

3300 കോടി രൂപയാണ് ഒരു‌ സീസൺ ഐപിഎല്ലിന്റെ മീഡിയ അവകാശത്തിന് സ്റ്റാർ ടിവി, ബിസിസിഐയ്ക്ക് നൽകുന്നത്. നേരത്തെ മാർച്ചിൽ ആരംഭിക്കാനിരിക്കുന്ന ഇത്തവണത്തെ ഐപിഎൽ സീസൺ കോവിഡിനെത്തുടർന്ന് നീട്ടിവെക്കുന്നതിന് മുൻപ് തന്നെ സ്റ്റാർ ഗ്രൂപ്പ്, മുൻ കൂറായി ബിസിസിഐയ്ക്ക് 2000 കോടി രൂപ നൽകിയിരുന്നു.

ചൈനീസ് മൊബൈൽ ബ്രാൻഡായ വിവോയാണ് ഐപിഎല്ലിന്റെ ടൈറ്റിൽ സ്പോൺസർ. ടൈറ്റിൽ സ്പോൺസർഷിപ്പ് ഇനത്തിൽ ഒരു വർഷം 440 കോടി രൂപയാണ് വിവോ, ബിസിസിഐയ്ക്ക് നൽകുന്നത്. മറ്റ് സ്പോൺസർമാരായ ഡ്രീം ഇലവൻ, പേ ടി എം, etc എന്നിവരിൽ നിന്ന് മറ്റൊരു 170 കോടിയോളം രൂപയും സീസണിൽ ബിസിസിഐയ്ക്ക് ലഭിക്കും. ഇത്രയും വലിയൊരു തുക നഷ്ടപ്പെടുത്തിയാൽ അത് ബോർഡിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കും എന്നത് ബിസിസിഐയ്ക്ക് നന്നായി അറിയാം. അത് കൊണ്ടു‌ തന്നെയാണ് ഇത്തവണ ടൂർണമെന്റ് ഏത് വിധേനയും സംഘടിപ്പിക്കാൻ അവർ ശ്രമിക്കുന്നതും.