SHARE

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീം വിട്ട അർജന്റൈൻ സ്ട്രൈക്കർ ഗോൺസാലോ ഹിഗ്വെയിന് പകരക്കാരനെ തേടുന്ന യുവന്റസ്, അത്ലറ്റിക്കോ മാഡ്രിഡ് താരം അൽവാരോ മൊറാത്തയെ ടീമിലെത്തിക്കുമെന്ന് സൂചന‌. ലോണടിസ്ഥാനത്തിലാകും മൊറാത്തയെ യുവന്റസ് സ്വന്തമാക്കുക. ചൊവ്വാഴ്ച ഇതിന് മുന്നോടിയായുള്ള മെഡിക്കൽ പരിശോധനയ്ക്ക് താരം വിധേയനാകുമെന്നാണ് റിപ്പോർട്ട്.

ഇക്കുറി ബാഴ്സലോണയിൽ നിന്ന് ലൂയി സുവാരസിനെ ടീമിലെത്തിക്കാനൊരുങ്ങുന്ന അത്ലറ്റിക്കോ മാഡ്രിഡ്, അത് കൊണ്ടു തന്നെ ഇരുപത്തിയേഴുകാരനായ അൽവാരോ മൊറാത്തയെ ടീമിൽ നിന്ന് ഒഴിവാക്കാൻ താല്പര്യപ്പെടുന്നതായി നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യം മുതലെടുത്ത് താരത്തെ ഇറ്റലിയിലേക്ക് കൊ‌ണ്ടു വരാൻ യുവന്റസ് തീരുമാനിക്കുകയായിരുന്നു. 9 മില്ല്യൺ യൂറോയാണ് മൊറാത്ത യെ ലോണിൽ കൊണ്ടു വരാൻ യുവന്റസ് മുടക്കുന്നതെന്നാണ് സൂചനകൾ. ഭാവിയിൽ 45 മില്ല്യൺ യൂറോയ്ക്ക് താരത്തെ വാങ്ങാനുള്ള ഓപ്ഷനും കരാറിലുണ്ടാകും.

അതേ സമയം തന്റെ മുൻ ടീമായ യുവന്റസിലേക്കുള്ള മൊറാത്തയുടെ തിരിച്ചുവരവ് കൂടിയാണിത്. 2014 മുതൽ 2016 വരെ യുവന്റസിനായി കളിച്ചിരുന്ന മൊറാത്ത 93 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ അവർക്കായി നേടിയിട്ടുണ്ട്.