SHARE
ബ്രാഡ് ഇൻമാൻ(10)

ഇന്ത്യയിൽ വരാനിരിക്കുന്ന ഫുട്ബോൾ സീസണുകളിലേക്കായി ഓസ്ട്രേലിയൻ ലീ​ഗായ ഏ-ലീ​ഗിൽ നിന്നുള്ള കൂടുതൽ താരങ്ങൾ എത്തിയേക്കും. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം പല ഐ.എസ്.എൽ ക്ലബുകളും ഓസ്ട്രേലിയയിൽ കളിക്കുന്ന താരങ്ങൾക്ക് പിന്നാലെ കൂടിയിട്ടുണ്ട്.

ഈ വരുന്ന സീസൺ മുതൽ ഐ-ലീ​ഗിലും അടുത്ത സീസൺ മുതൽ ഐ.എസ്.എല്ലിലും വിദേശതാരങ്ങളുടെ എണ്ണം കുറയ്ക്കും. അതോടെ ഒരു സമയം നാല് വിദേശതാരങ്ങളെ മാത്രമെ ഒരു ടീമിന് കളിക്കളത്തിലറക്കാനാകു. ഇതിൽ ഒരാൾ ഏഷ്യൻ കോൺഫഡറേഷൻ അം​ഗരാജ്യത്തുനിന്നാകാണം എന്നാണ് നിയമം. ഏ.എഫ്.സി. തന്നെ മറ്റെല്ലാ ലീ​ഗിലും നിഷ്കർഷിക്കുന്ന ഈ നിയമം ഇന്ത്യയിലും നിലവിൽ വരുന്നമെന്ന് ഉറപ്പായതോടെയാണ് ക്ലബുകൾ ഏ-ലീ​ഗ് താരങ്ങൾക്ക് പിന്നാലെ കൂടിയിരിക്കുന്നത്.

ഏഷ്യൻ വൻകരയിലെ രാജ്യമല്ലെങ്കിലും ഓസ്ട്രേലിയൻ ഫുട്ബോൾ ടീം ഏ.എഫ്.സി അം​ഗരാജ്യമാണ്. അതിനാൽ തന്നെ ഏ-ലീ​ഗിൽ നിന്ന് മികച്ച ഓസ്ട്രേലിയൻ താരങ്ങളെ റാഞ്ചാനാകും ഇന്ത്യൻ ക്ലബുകളുടെ നീക്കം. എ.ടി.കെ, മുംബൈ സിറ്റി, ​എഫ്.സി.​ഗോവ തുടങ്ങിയ ക്ലബുകൾ ഇതിനകം ഓസ്ട്രേലിയൻ താരങ്ങളുമായി ചർച്ച നടത്തിയെന്നാണ് ദ ബ്രിഡ്ജ് റിപ്പോർട്ട് ചെയ്യുന്നത്.

പ്രതിരോധതാരങ്ങളായ നൈ​ജൽ ബൂ​ഗാർഡ്, സ്കോട്ട് നെവിൽ എന്നീ താരങ്ങൾക്കായാണ് ​ഗോവ ശ്രമം നടത്തുന്നത്. മധ്യനിരതാരം ജോഷ്വാ ബ്രില്ലെന്റെയ്ക്കായാണ് മുംബൈ ശ്രമം നടത്തുന്നത്. മുംബൈയുടെ പുതിയ ഉടമകളായ സിറ്റി ​ഗ്രൂപ്പാണ് ഈ നീക്കത്തിന് ചുക്കാൻ പിടിക്കുന്നതെന്നും സൂചനയുണ്ട്. മുന്നേറ്റത്തിലും മധ്യനിരയിലും കളിക്കുന്ന ബ്രാഡ് ഇൻമാനായാണ് എ.ടി.കെയുടെ നീക്കം.

ഇക്കുറി ഐ.എസ്.എല്ലിൽ ഓസ്ട്രേലിയൻ താരം ഡേവിഡ് വില്യംസ് എ.ടി.കെയ്ക്കായി നടത്തിയ പ്രകടനവും ഏ-ലീ​ഗ് താരങ്ങളിലേക്ക് ക്ലബുകളുടെ ശ്രദ്ധ പതിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ബെം​ഗളുരുവിന്റെ എറിക്ക് പാർത്താലുവാണ് മികച്ച പ്രകടനം നടത്തിയ മറ്റൊരു ഓസ്ട്രേലിയൻ താരം. പല ഓസ്ട്രേലിയൻ താരങ്ങൾക്കും ഇം​ഗ്ലീഷ് വേരുകളുണ്ടെന്നതും പ്രീമിയർ ലീ​ഗിലെ മികച്ച ക്ലബുകളുടെ അക്കാദമിയിൽ കളിച്ചിട്ടുണ്ടെന്നതും ഇവർക്ക് അധിക ആനുകൂല്യമാണ്.