SHARE

പ്രീസീസണ്‍ വിദേശത്താക്കുക എന്നതായിരുന്നു ഐഎസ്എല്‍ ടീമുകളുടെ പതിവ്. കഴിഞ്ഞവര്‍ഷം വരെ എല്ലാ ടീമുകളും ഇത്തരത്തില്‍ വിദേശ പരിശീലന പരിപാടികളിലാണ് ശ്രദ്ധിച്ചത്. എന്നാല്‍ ഇത്തവണ പത്ത് ടീമുകളില്‍ ഏഴും ഇന്ത്യയില്‍ തന്നെ തങ്ങളുടെ പ്രീസീസണ്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സി അടക്കം ഇത്തവണ വിദേശത്തേക്ക് മുന്നൊരുക്കത്തിനായി പോകുന്നില്ല.

കേരള ബ്ലാസ്‌റ്റേഴ്‌സ്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് (യുഎഇ), ഒഡീഷ എഫ്‌സി (ഖത്തര്‍) എന്നീ ക്ലബുകള്‍ മാത്രമാണ് വിദേശത്തേക്ക് പോകുന്നത്. ചെന്നൈയ്ന്‍ എഫ്‌സി അഹമ്മദാബാദിലാണ് തങ്ങളുടെ പ്രീസീസണ്‍ നടത്തുന്നത്. എടികെ കൊല്‍ക്കത്തയില്‍ തന്നെയാകും ഇത്തവണ ക്യാമ്പ് ചെയ്യുക. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ തന്നെ തങ്ങിയ നോര്‍ത്ത് ഈസ്റ്റ് മികച്ച പ്രകടനം നടത്തുകയും ചെയ്തു. ഇത് പല ക്ലബുകളുടെയും തീരുമാനത്തെ സ്വാധീനിച്ചു.

വിവിധ കാരണങ്ങളാണ് ടീമുകളുടെ പറക്കലിന് തടയിട്ടത്. ഒന്നാമത്തെ കാരണം സാമ്പത്തികം തന്നെയാണ്. പല ക്ലബുകളും സാമ്പത്തികമായി അത്ര മികച്ച നിലയിലല്ല. വിദേശ പര്യടനങ്ങള്‍ കീശ ചോര്‍ത്തും. സ്വദേശത്തായാല്‍ ചെലവ് നന്നേ കുറയും. കളിക്കാര്‍ക്ക് കാലാവസ്ഥയുമായും മൈതാനങ്ങളുമായും കൂടുതല്‍ പരിചയപ്പെടാനും ഇന്ത്യയില്‍ തന്നെ നില്ക്കുന്നത് കൊണ്ട് സാധിക്കും.