SHARE

ശ്രീലങ്കൻ ക്രിക്കറ്റ് കഴിഞ്ഞ കുറച്ച് നാളുകളായി വലിയ പ്രതിസന്ധികളിലൂടെയും, പ്രശ്നങ്ങളിലൂടെയുമാണ് കടന്നു പോകുന്നത്. കളിക്കളത്തിനുള്ളിൽ ടീമിന്റെ പ്രകടനങ്ങൾ മോശമായതിനൊപ്പം കളിക്കളത്തിന് പുറത്ത് ബോർഡും, കളികാരും തമ്മിൽ പ്രശ്നങ്ങളുണ്ടായതും ശ്രീലങ്കൻ ക്രിക്കറ്റിന് തിരിച്ചടിയായി. ഇതിനിടെ ശ്രീലങ്കൻ ക്രിക്കറ്റ് മുന്നോട്ടു വെച്ച പുതിയ കരാർ സംവിധാനത്തോട് എതിർപ്പ് പ്രകടിപ്പിച്ച് ഏഞ്ചലോ മാത്യൂസ്, ദിമുത് കരുണരത്നെ എന്നീ‌ സീനിയർ താരങ്ങൾ പരസ്യമായി രംഗത്ത് വന്നതും കാര്യങ്ങൾ സങ്കീർണമാക്കി.

അത്തരത്തിൽ ബോർഡും, താരങ്ങളും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസം ഉടലെടുത്ത് നിൽക്കുന്ന സമയത്താണ് ടീമിലെ സീനിയർ ഓൾ റൗണ്ടറായ ഉസുരു ഉഡാന അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്. യുവ താരങ്ങൾക്ക് അവസരം നൽകുന്നതിനായാണ് താൻ ദേശീയ ടീമിൽ നിന്ന് പടിയിറങ്ങുന്നതെന്ന് ഉഡാന വ്യക്തമാക്കിയെങ്കിലും, 33 വയസ് മാത്രമുള്ള, ഇനിയും ഏറെ നാൾ ക്രിക്കറ്റിൽ തുടരാൻ കെൽപ്പുള്ള അദ്ദേഹത്തിന്റെ പെട്ടെന്നുള്ള‌ വിരമിക്കലിന് കാരണം ശ്രീലങ്കൻ ക്രിക്കറ്റിൽ ഉടലെടുത്തു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണെന്ന് വിശ്വസിക്കുന്നവർ അനേകമാണ്.

ഇപ്പോളിതാ ഉഡാനയുടെ വിരമിക്കലിന് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റിൽ മറ്റൊരു അപ്രതീക്ഷിത വിരമിക്കൽ കൂടി നടന്നേക്കുമെന്നും, ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്ക് മുൻപ് ടീമിന്റെ മുൻ നിര ഫാസ്റ്റ് ബോളർമാരിലൊരാൾ കളി മതിയാക്കാൻ തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ട് ചെയ്തിരിക്കുകയാണ് ശ്രീലങ്കൻ മാധ്യമമായ islandcricket.lk . എന്നാൽ ഈ താരത്തിന്റെ പേരു വിവരങ്ങൾ അവർ ഇതു വരെ പുറത്ത് വിട്ടിട്ടില്ല.

ഇംഗ്ലണ്ട് പര്യടനത്തിനിടെ ടീമിന്റെ ബയോബബിൾ ലംഘിച്ച് പുറത്ത് കറങ്ങാനിറങ്ങിയ ധനുഷ്ക ഗുണതിലക, കുശാൽ മെൻഡിസ്, നിറോഷാൻ ഡിക്ക്വെല്ല എന്നീ താരങ്ങളെ ഒരു വർഷത്തേക്ക് ക്രിക്കറ്റിൽ നിന്ന്‌ വിലക്കാൻ കഴിഞ്ഞ ദിവസം ശ്രീലങ്ക ക്രിക്കറ്റ് തീരുമാനിച്ചിരുന്നു. ഈ മൂന്ന് താരങ്ങളിൽ ഒരാളും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നുവെന്നും ലങ്കൻ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കി അമേരിക്കയിലേക്ക് കുടിയേറാനുള്ള തീരുമാനത്തിലാണ് ഈ താരമെന്ന് റിപ്പോർട്ടിലുണ്ടെങ്കിലും, വിലക്ക് ലഭിച്ച മൂന്ന് പേരിൽ ആരാണ് ഇത്തരമൊരു നീക്കത്തിനൊരുങ്ങുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല.