SHARE

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 6 വിക്കറ്റ് പരാജയം ഏറ്റു വാങ്ങിയതിന്റെ നിരാശയിലാണ് ചെന്നൈ സൂപ്പർ കിംഗ്സ്. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 177 റൺസ് നേടിയെങ്കിലും 14 പന്തുകൾ ബാക്കി നിൽക്കേ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആതിഥേയർ വിജയം കാണുകയായിരുന്നു. എന്നാൽ മത്സരത്തിൽ പരാജയപ്പെട്ടതല്ല ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് അസ്വസ്ഥത സമ്മാനിക്കുന്നത്.

ടീമിന്റെ മോശം പ്രകടനവും, ഫീൽഡിലെ അലസതയുമാണ് ധോണിക്ക് തലവേദന സമ്മാനിക്കുന്നത്. ഫീൽഡ് ചെയ്യുമ്പോൾ താരങ്ങൾ കുറച്ച് കൂടി ജാഗരൂകരാകണമെന്നും, എന്നാൽമാത്രമേ മത്സരങ്ങൾ തങ്ങൾക്കനുകൂലമാക്കാൻ പറ്റുള്ളൂവെന്നും ധോണി പറയുന്നു. ഇതിനായി ധോണി ചൂണ്ടിക്കാണിക്കുന്നത് മുൻചെന്നൈ താരവും ഇപ്പോൾ അവരുടെ പരിശീലക സംഘത്തിലുള്ളതുമായ മൈക്ക് ഹസിയെയാണ്. ഫീൽഡിലെ വേഗതയിൽ ഹസി അത്ര മികച്ചതായിരുന്നില്ലെന്നും എന്നാൽ ഫീൽഡ് ചെയ്യുമ്പോളുള്ള അതീവജാഗ്രത അദ്ദേഹത്തെ ഒന്നാന്തരം ഫീൽഡറാക്കി മാറ്റുകയായിരുന്നുവെന്നും ധോണി പറയുന്നു. അത് കൊണ്ട് തന്നെ ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങൾ ഹസിയെ കണ്ട് പഠിക്കണമെന്നാണ് ധോണിയുടെ പക്ഷം.

താരങ്ങളുടെ ആരുടേയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും കൊൽക്കത്തയ്ക്കെതിരെയുള്ള രവീന്ദ്ര ജഡേജയുടെ മോശംഫീൽഡ് പ്രകടനമാണ് ധോണി ഉദ്ദേശിച്ചതെന്ന് വ്യക്തം.
ചെന്നൈ ടീമിന്റെ ഏറ്റവും മികച്ച‌ഫീൽഡറെന്നറിയപ്പെടുന്ന ജഡേജ രണ്ട് ക്യാച്ചുകളായിരുന്നു കൊൽക്കത്തയ്ക്കെതിരെ വിട്ട് കളഞ്ഞത്. ഇത് ടീമിന്റെ തോൽവിയിൽ നിർണായക പങ്ക് വഹിക്കുകയായിരുന്നു.