SHARE

1998-ൽ ഫ്രാൻസ് ലോകകപ്പിൽ ​ഗ്രൂപ്പ് ഘട്ടത്തിൽ ഒന്ന് വീതം ജയവും തോൽവിയും സമനിലയുമായി പുറത്തായശേഷം 20 വർഷം കഴിഞ്ഞാണ് ഇപ്പോൾ മൊറോക്കോ വീണ്ടുമൊരു ലോകകപ്പിന് യോ​ഗ്യത നേടുന്നത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് പരമ്പരാ​ഗത കരുത്തരായ പലരേയും പിന്തള്ളി അറബ് മേഖലയിൽ നിന്നുള്ള ടീമുകളുടെ കുതിപ്പാണ് ഇക്കുറി കണ്ടത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ​ഗ്രൂപ്പ് സിയിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് മൊറോക്കോ റഷ്യയിലേക്ക് വരവുറപ്പിച്ചത്.

ഇറ്റാലിയൻ ക്ലബ് യുവന്റസിന്റെ പ്രതിരോധനിരയിലെ കരുത്തനായ മേദി ബെനാഷ്യയാണ് മൊറോക്കൻ ടീമിന്റെ നായകൻ. പ്രതിരോധ നിരയാണ് ടീമിന്റെ കരുത്ത്. ബെനാഷ്യക്കൊപ്പം, റയൽ മഡ്രിഡ് താരം അഷ്റഫ് ഹക്കീമി, അടുത്ത സീസണിൽ പ്രീമിയർ ലീ​ഗിലേക്ക് യോ​ഗ്യത നേടിയ വോൾവറാംപ്ടണിന്റെ താരം റോമൻ സെയിസ് എന്നിവരടങ്ങുന്നതാണ് മൊറോക്കൻ പ്രതിരോധം. ലോകകപ്പ് യോ​ഗ്യത റൗണ്ട്, സൗഹൃദമത്സരം എന്നിവയിൽ നിന്നായി അവസാനം നടന്ന ഏഴ് മത്സരങ്ങളിലും മൊറോക്കൻ ടീം തോൽവിയറിഞ്ഞിട്ടല്ല. ഇതിൽ നിന്ന് പ്രതിരോധ നിര ആകെ വഴങ്ങിയത് രണ്ട് ​​ഗോൾ മാത്രമാണ്.

കഴിഞ്ഞ ജൂണിൽ കാമറൂണിനോട് തോറ്റതിന് ശേഷം മൊറോക്കോ തോൽവിയറിഞ്ഞിട്ടില്ല. അടുത്തിടെ അവർ തോൽപ്പിച്ചത്, കരുത്തരായ സെർബിയ, ഐവറി കോസ്റ്റ്, ദക്ഷിണ കൊറിയ തുടങ്ങിയ ടീമുകളെയാണ്. മുന്നേറ്റനിരയിൽ അയൂബ് എൽ ഖെബി എന്ന 25 കാരനാണ് മൊറോക്കോയുടെ പ്രതീക്ഷ. അഫ്രിക്കൻ നേഷൻസ് ചാമ്പ്യൻഷിപ്പിൽ ആറ് മത്സരങ്ങളിൽ നിന്ന് ഒമ്പത് ​ഗോൾ നേടിയ താരമാണ് അയൂബ്. ദേശീയ ടീമിനായി എട്ട് മത്സരങ്ങളിൽ നിന്ന് പത്ത് ​ഗോൾ നേടി. യോ​ഗ്യതാ റൗണ്ടിൽ നാല് ​ഗോളുകൾ നേടിയ ഖാലിദ് ബൗത്തായിബും മികച്ച ഫോമിലാണ്.

ലോകകപ്പിൽ പോർച്ചു​ഗൽ, സ്പെയിൻ, ഇറാൻ എന്നിവരടങ്ങുന്ന ​ഗ്രൂപ്പ് ബിയിലാണ് മൊറോക്കോ പോരാടുന്നത്. കടുത്ത മത്സരം നടക്കുന്ന ​ഗ്രൂപ്പിൽ നിന്ന് മൊറോക്കോയ്ക്ക് ​ഗ്രൂപ്പ് ഘട്ടത്തിനപ്പുറം ആരും പ്രതീക്ഷ വയ്ക്കുന്നില്ല. എന്നാൽ അടുത്തകാലത്ത് തുടരുന്ന മിന്നുന്ന ഫോം, മൊറോക്കോ ആവർത്തിച്ചാൽ റഷ്യയിൽ അത്ഭുതങ്ങൾ പ്രതീക്ഷിക്കാം.