SHARE

ലോകകപ്പിനുശേഷം ബംഗ്ലാദേശ് നായകന്‍ മഷറഫീ മൊര്‍ത്താസ വിരമിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. നിരന്തരം പരിക്കുകള്‍ അലട്ടുന്ന മൊര്‍ത്താസ ഇക്കാര്യത്തില്‍ സൂചനയും നല്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തീരുമാനത്തില്‍ ചെറിയൊരു മാറ്റം വരുത്തിയിരിക്കുകയാണ് കക്ഷി. തല്ക്കാലം വിരമിക്കില്ലെന്നാണ് നായകന്‍ പറയുന്നത്.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അനുവദിച്ചാല്‍ തുടര്‍ന്നും കളിക്കാനാണ് താല്‍പര്യമെന്നും മൊര്‍ത്താസ വ്യക്തമാക്കി. മൊര്‍ത്താസയുടെ നായകത്വത്തില്‍ ബംഗ്ലാദേശ് ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുമ്പോഴും ക്യാപ്റ്റന്റെ വ്യക്തിഗത പ്രകടനം മോശമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

18 വര്‍ഷം മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയ മൊര്‍ത്താസ ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ പങ്കെടുക്കാതെയാണ് ദേശീയ ടീമിന്റെ ഭാഗമായത്. 2009 ജൂണിലാണ് മൊര്‍ത്താസ ബംഗ്ലാദേശ് ക്യാപ്റ്റനായി ആദ്യം നിയമിതനായത്. ഇന്ന് ഇന്ത്യയ്‌ക്കെതിരേ ബംഗ്ലാദേശിന് ജീവന്മരണ പോരാട്ടമാണ്.