SHARE

ഈ വർഷം യു എ ഇ യിൽ നടന്ന പതിമൂന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ ദയനീയ പ്രകടനമായിരുന്നു ഓസ്ട്രേലിയൻ സൂപ്പർ താരം ഗ്ലെൻ മാക്സ്‌വെല്ലിന്റേത്. കിംഗ്സ് ഇലവൻ പഞ്ചാബിന്റെ കളികാരനായിരുന്ന താരം ഇത്തവണ കളിച്ച 11 ഇന്നിംഗ്സുകളിൽ നിന്ന് 15.42 ബാറ്റിംഗ് ശരാശരിയിൽ 108 റൺസ് മാത്രമാണ് നേടിയത്. പക്ഷേ ഐപിഎല്ലിലെ ദയനീയ പ്രകടനം കഴിഞ്ഞ് ഓസ്ട്രേലിയൻ ജേഴ്സിയിലേക്കെത്തിയപ്പോൾ മാക്സ്‌വെല്ലിന്റെ കളി മാറി. ഇന്ത്യയ്ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ 83.50 ബാറ്റിംഗ് ശരാശരിയിൽ 167 റൺസാണ് താരം അടിച്ചു കൂട്ടിയത്. അതും 194.18 പ്രഹരശേഷിയിൽ 12 ബൗണ്ടറികളും 11 സിക്സറുകളുമടക്കം‌.

ഐപിഎല്ലിലെ ദയനീയ പ്രകടനങ്ങൾക്ക് ശേഷം ഓസീസ് ജേഴ്സിയിൽ മാക്സ്‌വെൽ മിന്നിത്തിളങ്ങിയതോടെ അടുത്ത സീസൺ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലത്തിലും താരത്തിന് വലിയ ഡിമാൻഡ് ഉണ്ടാകുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. പരിമിത ഓവർ ക്രിക്കറ്റിൽ മാക്സ്‌വെല്ലിനെപ്പോലൊരു താരത്തെ വേണ്ടാത്ത ടീമുകൾ ഉണ്ടെന്ന് താൻ കരുതുന്നില്ലെന്നാണ് മുൻ ഇംഗ്ലണ്ട് നായകന്റെ പക്ഷം. അടുത്ത ഐപിഎൽ ലേലത്തിൽ മിക്ക ടീമുകളും മാക്സ്‌വെല്ലിനായി രംഗത്തുണ്ടാകുമെന്ന് തനിക്ക് ഉറപ്പാണെന്നും ഇതിനൊപ്പം അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച ഫീൽഡർ ആണെന്നത് മാക്സ്‌വെല്ലിന്റെ മറ്റൊരു പ്രധാന പ്രത്യേകതയാണെന്ന് വോൺ ചൂണ്ടിക്കാട്ടുന്നു. 5 മുതൽ 10 വരെ റണ്ണുകൾ ഉറപ്പായും ഫീൽഡിംഗിൽ രക്ഷപെടുത്താൻ അദ്ദേഹത്തിന് കഴിയും. എല്ലാ ബാറ്റ്സ്മാന്മാരും പൂജ്യത്തിൽ നിന്നാണ് തുടങ്ങുന്നത്. എന്നാൽ മാക്സ്‌വെൽ 10 ൽ നിന്ന് ആരംഭിക്കുന്നു. കാരണം ഫീൽഡിൽ അദ്ദേഹം അത്ര മികച്ചവനാണ്.” മൈക്കൽ വോൺ പറഞ്ഞു നിർത്തി.