SHARE

അടുത്ത സീസണിൽ ഇം​ഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പർസിന് വമ്പൻ തിരിച്ചുവരവാണ് പരിശീലകൻ ഹോസെ മൗറീന്യോ ലക്ഷ്യമിടുന്ന്. മൗറീഷ്യോ പോച്ചെറ്റീനോയ്ക്ക് പകരക്കാരനായി ഇക്കുറി എത്തിയെങ്കിലും ടോട്ടനത്തിനൊപ്പം അത്ര പ്രതീക്ഷ പകരുന്നതായിരുന്നില്ല മൗറീന്യോയുടെ സീസൺ. ഈ സാഹചര്യത്തിൽ അടുത്ത സീസണിലേക്കാണ് മൗറീന്യോ ഉറ്റുനോക്കുന്നത്.

അടുത്ത സീസണിൽ ടീമിലെത്തിക്കാൻ ആ​ഗ്രഹിക്കുന്ന അഞ്ച് താരങ്ങളുടെ ലിസ്റ്റുമായി മൗറീന്യോ ക്ലബ് അധികൃതരെ സമീപിച്ചെന്നാണ് റിപ്പോർട്ടുകൾ. അൾജീരിയൻ വിങ്ങർ യൂസഫ് അതൽ, റയൽ മഡ്രിഡ് സെന്റർ ബാക്ക് എഡർ മിലിറ്റാവോ, റെഡ്ബുൾ ലെയ്പ്സി​ഗിന്റെ മാർസെൽ സാബിറ്റ്സർ, വലൻസിയയുടെ ജ്യോഫ്രി കോൺഡോബിയ, നോർവിച്ചിന്റെ ലെഫ്റ്റ് ബാക്ക് ജമാൽ ലെവിസ്, മിഡ്ഫീൽഡർ ടോഡ് കാന്റ്വൽ എന്നിവരെയാണ് മൗറീന്യോ ലക്ഷ്യമിടുന്നത്.

ഇതെല്ലാം കൂടി ചേർത്ത് ഏതാണ്ട് 150 ദശലക്ഷം യൂറോ ടോട്ടനത്തിന് വേണ്ടിവരും. ഇത്രയധികം തുക ചിലവഴിക്കാൻ ക്ലബ് തയ്യാറാകുമോയെന്നത് സംശയമാണ്. പ്രത്യേകിച്ച് മുൻകാലങ്ങളിൽ പണം മുടക്കുന്നതിൽ ക്ലബ് ഏറെ മടി കാണിച്ച സാഹചര്യത്തിൽ.

അതേസമയം തന്നെ, സൂപ്പർതാരം ഹാരി കെയിനെ ടീമിലെത്തിക്കാൻ റയൽ മഡ്രിഡ് അടക്കം താൽപര്യപ്പെട്ടിട്ടുണ്ട്. ഈ അവസരം മുതലാക്കാൻ മൗറീന്യോ ശ്രമിച്ചേക്കുമെന്നാണ് സൂചന. വൻതുകയ്ക്ക് കെയിനെ വിറ്റാൽ കണ്ടെത്തുന്ന പണം ഉപയോ​ഗിച്ച് മറ്റ താരങ്ങളെ സ്വന്തമാക്കാം എന്ന സാധ്യത അവർക്ക് മുന്നിലുണ്ട്. മുമ്പ് ​ഗാരത് ബെയിലിനെ റയലിന് വിറ്റ് ആ പണമുപയോ​ഗിച്ച് അഞ്ച് താരങ്ങളെ ടോട്ടനം വാങ്ങിയിരുന്നു. പിന്നീട് ടോട്ടനത്തിന്റെ കുതിപ്പിൽ പ്രധാനികൾ ഈ താരങ്ങളായിരുന്നു.