SHARE

പുതിയതായി ടോട്ടനം പരിശീലകനായി ചുമതലയേറ്റ ജോസ് മൗറീന്യോ വരാനിരിക്കുന്ന ട്രാൻസ്ഫർ വിപണിയിൽ മികച്ച താരങ്ങളെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണെന്ന് സൂചന. അതിന്റെ ഭാഗമായി മുൻ സ്പർസ് താരമായിരുന്ന ഗാരെത് ബെയ്ലിനെ തന്റെ ടീമിന്റെ ഭാഗമാക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും മൗറീന്യോ വ്യക്തമാക്കി. ടീമിനെ ശക്തിപെടുത്താൻ കാര്യമായ ഫണ്ട് ലഭിക്കുകയാണെങ്കിൽ ഈ ട്രാൻസ്ഫർ യാഥാർത്ഥ്യമാകും.

2013 ൽ സ്പാനിഷ് വമ്പൻമാരായ റയലിലെത്തുന്നതിന് മുൻപ് ബെയിൽ ടോട്ടനാമിൽ മികച്ച ഫോമിലായിരുന്നു. ഏറെ നാളായി റയൽ മാഡ്രിഡുമായി ഉടക്കിലുള്ള താരം കോച്ച് സിദാനുമായും അത്ര നല്ല ബന്ധത്തില്ല ഉള്ളത്. സാന്റിയാഗോ ബെർണബ്യുവിൽ ഇനിയും രണ്ടര വർഷത്തോളം ബെയിലിന് കരാർ അവശേഷിക്കുന്നുണ്ട്.

അതേ സമയം യൂറോ കപ്പ് യോഗ്യതക്കിടെ ബെയിൽ പ്രദർശിപ്പിച്ച ദേശീയപതാക റയൽ ആരാധകരെ രോഷം കൊള്ളിച്ചിരുന്നു. റയൽമാഡ്രിഡിനെ തരം താഴ്ത്തിയുള്ള രീതിയിലായിരുന്നു അത്. ആദ്യം വെയിൽസ്, പിന്നെ ഗോൾഫ് ,അതിന് ശേഷം മാത്രമേ തനിക്ക് മാഡ്രിഡുളളൂ എന്നാണ് അതിലൂടെ ബെയിൽ വ്യക്തമാക്കിയത്. ഇതിനെതിരെ ആരാധകരുടെ ഭാഗത്ത് നിന്നും താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ബെയിലിനെ ക്ലബിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയാണെങ്കിൽ താരത്തെ ടോട്ടനത്തിന് റയൽ കൈമാറാനും സാധ്യത കൂടുതലാണ്.