SHARE

എഫ്.സി പോർട്ടോ,ചെൽസി, ഇന്റർ മിലാൻ, റയൽ മഡ്രിഡ്,മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ അഞ്ച് ക്ലബുകളുടെ പരിശീലകനായിട്ടുണ്ട് ഹോസെ മൊറീന്യോ. രണ്ട് ചാമ്പ്യൻസ് ലീ​ഗ്, എട്ട് ലീ​ഗ് കിരീടം, പതിനഞ്ച് മറ്റ് കിരീങ്ങൾ എന്നിവ ഈ ക്ലബുകൾക്കൊപ്പം മൊറീന്യോ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ മാഞ്ചസ്റ്റർ കടുത്ത പ്രതിസന്ധിയാണ് മൊറീന്യോ നേരിടുന്നത്.

മൊറീന്യോ എന്ന വിഖ്യാത പരിശീലകന്റെ ചരിത്രം എടുത്ത് പരിശോധിച്ചാൽ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. മൂന്ന് സീസണുകളിലധികം ഒരു ക്ലബിനൊപ്പവും മൊറിന്യോ ഒരു സ്പെൽ നിന്നിട്ടില്ല. ആദ്യത്തെ പോർട്ടോ മുതൽ ഒടുവിലത്തെ ചെൽസി വരെ. ഇപ്പോൾ യുണൈറ്റഡിലും മൊറീന്യോയ്ക്കിത് മൂന്നാം സീസണാണ് എന്നത് കൗതുകം.

2001-ൽ പോർട്ടോയിലെത്തിയ മൊറീന്യോ, 2004-ൽ അവർക്ക് ചാമ്പ്യൻസ് ലീ​ഗ് കിരീടം സമ്മാനിച്ച ശേഷം ക്ലബ് വിട്ടു. തുടർന്ന് ചെൽസിക്കൊപ്പം മൂന്ന് സീസൺ മൊറീന്യോ പൂർത്തിയാക്കി. രണ്ട് പ്രീമിയർ ലീ​ഗ് കിരീടം ചെൽസിക്ക് നേടിക്കടുത്ത ശേഷം,നാലാം സീസണിലും കരാറെത്തിയെങ്കിലും രണ്ട് മാസത്തിനകം ചെൽസി വിട്ടു. പിന്നെ എത്തിയത് ഇന്റർ മിലാനിൽ അവിടെ രണ്ട് സീസൺ മാത്രം ഇതിനിടെ ഇന്റർ മിലാന് ചാമ്പ്യൻസ് ലീ​ഗും നേടിക്കൊടുത്തു.

2010-ൽ മൊറീന്യോ റയലിലെത്തി. ഒരിക്കൽ റയലിനെ ലാ ലി​ഗ ജേതാക്കളാക്കി. മൂന്ന് സീസണിലും ക്ലബിനെ ചാമ്പ്യൻസ് ലീ​ഗ് സെമിയിലെത്തിച്ചു. തുടർന്ന് 2013-ൽ റയൽ വിട്ട് പഴയ തട്ടകമായ ചെൽസിയിലെത്തി. ഒരിക്കൽ കൂടി ചെൽസിയെ പ്രീമിയർ ലീ​ഗ് ജേതാക്കളാക്കിയെങ്കിലും മൂന്നാം സീസണിന്റെ പകുതിക്ക് പുറത്തായി.

2016-ൽ യുണൈറ്റഡിലെത്തിയ മൊറീന്യോയ്ക്കിത് മൂന്നാം സീസണാണ്. മൊറീന്യോയുടെ കരയിറയിൽ ഇതുവരെ ലീ​ഗ് ജേതാക്കളാക്കാൻ പറ്റാത്ത ഏക ടീം യുണൈറ്റഡാണ്. ഇക്കുറി മൊറീന്യോയുടെ കീഴിൽ, യുണൈറ്റഡിന് ചരിത്രത്തിലെ ഏറ്റവും മോശം ലീ​ഗ് തുടക്കവുമാണിത്. ഇന്നലെ വെസ്റ്റ്ഹാമിനോടും തോറ്റതോടെ മൊറീന്യോയുടെ കാര്യത്തിൽ ഏകദേശം തീരുമാനമായെന്നും വാർത്തകളുണ്ട്.

പരിശീലിപ്പിച്ച ക്ലബുകളിൽ പോർട്ടോയൊഴികെ മറ്റെല്ലാ ഇടങ്ങളിലും പ്രശനങ്ങളുണ്ടാക്കിയാണ് മൊറീന്യോയുടെ മടക്കം. നിലവിൽ‍ ഇതുവരെ അത്തരത്തിലുള്ള എല്ലാ സാധ്യതകളും നിലവിലുണ്ട്. പോ​ഗ്ബയുമായുള്ള പ്രശ്നം തന്നെയാണ് മൊറീന്യോയെ ഏറ്റവും അലട്ടുന്നത്. ഇിന് പുറമേ ആരാധകരുടെ എതിർപ്പും വർധിച്ചുവരുന്നു. കാത്തിരുന്നു കാണാം മൂന്നാം സീസൺ ഇവിടേയും മൊറീന്യോയെ തെറിപ്പിക്കുമോയെന്ന്