SHARE

ജനുവരിയിൽ ട്രാൻസ്ഫർ ജാലകം തുറക്കുന്നതോടെ ടീം ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ് ടോട്ടനം പരിശീലകൻ ഹോസെ മൗറീന്യോ. ഇതിന്റെ തുടക്കമെന്നോണം ലോണിൽ വേറെ ക്ലബുകൾക്കായി കളിക്കുന്ന താരങ്ങളെ ടോട്ടനം തിരിച്ചുവിളിച്ചുതുടങ്ങി.

നിലവിൽ രണ്ടാം ഡിവിഷനിൽ കളിക്കുന്ന കാമറോൺ കാർട്ടർ വിക്കേഴ്സിനേയും ജാക്ക് ക്ലാർക്കിനേയുമാണ് ടോട്ടനം തിരിച്ചുവിളിച്ചിരിക്കുന്നത്. സ്റ്റോക്ക് സിറ്റിക്കായി ലോണിൽ കളിച്ചിരുന്ന കാമറോൺ അമേരിക്കൻ താരമാണ്. പ്രതിരോധതാരമായ കാമറോൺ ടോട്ടനം അക്കാദമി താരമാണെങ്കിലും ഇതുവരെ സീനിയർ ടീമിൽ കളിച്ചിട്ടില്ല.

ലീഡ്സ് യുണൈറ്റഡിന്റെ വിങ്ങറാണ് ഇം​ഗ്ലീഷ് താരമായ ക്ലാർക്ക്. ലീഡ്സിന്റെ അക്കാദമി താരമായിരുന്ന ക്ലാർക്ക് ഇം​ഗ്ലണ്ടിനെ യൂത്ത് ടീമിൽ പ്രതനിധീകരിച്ചിട്ടുണ്ട്. ഈ രണ്ട് താരങ്ങൾക്കും പുറമെ ഡോൺകാസ്റ്ററിനായി ലോണിൽ കളിക്കുന്ന കെസിയെ സ്റ്റെർലിങ്ങും ടോട്ടനത്തിലേക്ക് തിരിച്ചെത്തും.