SHARE

വിഖ്യാത പരിശീലകൻ ഹോസെ മൗറീന്യോ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലേക്ക് തിരിച്ചെത്തി. സൂപ്പർ ക്ലബ് ടോട്ടനം ഹോട്സ്പർസിന്റെ പരിശീലകനായാണ് മൗറീന്യോയുടെ വരവ്. കഴിഞ്ഞ ഡിസംബറിൽ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ശേഷം മൗറീന്യോയുടെ ആദ്യ നിയമനമാണിത്.

ലീ​ഗിലെ ദയനീയ പ്രകടനത്തിനൊപ്പം കളിക്കാരുമായുള്ള ബന്ധവും വഷളായതോടെ മൗറീഷ്യോ പോച്ചെറ്റീനോ പുറത്തായ ഒഴിവിലേക്കാണ് മൗറീന്യോ എത്തുന്നത്. 2023 വരെയാണ് ടോട്ടനവുമായി മൗറീന്യോ കരാർ ഒപ്പുവച്ചത്. ലീ​ഗിൽ ഇതുവരെ മൂന്ന് മത്സരങ്ങൾ മാത്രം ജയിച്ച് 12-ാം സ്ഥാനത്തുള്ള ടോട്ടനത്തിൽ മൗറീന്യോയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികളാണ്.

ലണ്ടനിലെ തന്നെ സൂപ്പർക്ലബായ ചെൽസി പരിശീലകനായാണ് മൗറീന്യോയുടെ ഇം​ഗ്ലണ്ടിലേക്കുള്ള വരവ്. രണ്ട് ഘട്ടങ്ങളിലായി മൂന്ന് തവണ ചെൽസിയെ മൗറീന്യോ ലീ​ഗ് ജേതാക്കളാക്കിയിട്ടുണ്ട്. പോർച്ചു​ഗീസ് ക്ലബ് പോർട്ടോ, ഇറ്റലിയിലെ ഇന്റർ മിലാൻ, റയൽ മഡ്രിഡ് തുടങ്ങിയവയേയും മൗറീന്യോ പരിശീലിപ്പിച്ചിട്ടുണ്ട്.