SHARE

പ്രിയപ്പെട്ട ശിഷ്യനായ ബെൽജിയൻ മധ്യനിരതാരം മൗറേൻ ഫെല്ലെയിനിയെ വീണ്ടും ഒപ്പം കൂട്ടാൻ ഹോസെ മൗറീന്യോ ഒരുങ്ങുന്നതായി സൂചന. മൗറീന്യോയുടെ പുതിയ ക്ലബായ ടോട്ടനത്തിലേക്ക് ഫെല്ലെയിനിയെ കൊണ്ടുവരാൻ ആലോചിക്കുന്നതായി ചില ബെൽജിയൻ-ഫ്രഞ്ച് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ഇപ്പോൾ ചൈനീസ് ലീ​ഗിൽ ഷാൻഡോങ് ലുനെങ്ങിന്റെ താരമാണ് ഫെല്ലെയിനി. ചൈനീസ് ലീ​ഗ് സീസൺ അവസാനിച്ചതോടെ ഫെല്ലെയിനിക്ക് ഇനി അവധിനാളുകളാണ്. ഈ സാഹചര്യത്തിൽ ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ ബെൽജിയൻ താരത്തെ ഇം​ഗ്ലണ്ടിൽ തിരികെയെത്തിക്കാനുള്ള ആലോചനയാണ് മൗറീന്യോ നടത്തുന്നത്. ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാൻ മൗറീന്യോ ഫെല്ലെയിനിയെ ബന്ധപ്പെട്ടതായി ഫ്രഞ്ച് പത്രം ലെ സ്പോർട് റിപ്പോർട്ട് ചെയ്തു.

മൗറീന്യോ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായിരിക്കെ ടീമിൽ നിരന്തരം ഉൾപ്പെട്ടിരുന്ന താരമാണ് ഫെല്ലെയിനി. ഇതിൽ യുണൈറ്റഡ് ആരാധകർ കടുത്ത വിമർശനമുന്നയിച്ചിരുന്നതും പതിവായിരുന്നു. പിന്നീട് മൗറീന്യോ പോയി പകരം ഒലെ പരിശീലകസ്ഥാനമേറ്റശേഷം ആദ്യം ചെയ്തത് തന്നെ ഫെല്ലെയിനിയെ ഒഴിവാക്കുക എന്നതായിരുന്നു.

ഇപ്പോൾ മൗറീന്യോ വീണ്ടും ഫെല്ലെയിനിയെ സമീപിച്ച വാർത്തകൾ വന്നതോടെ ടോട്ടനം ആരാധകർ ഞെട്ടലിലാണ്. ടോട്ടനം ടീമിൽ ഫെല്ലെയിനിയെ കാണുന്നതിൽ ആരാധകർക്ക് ഒട്ടും തന്നെ താൽപര്യമില്ല. ഏതായാലും മൗറീന്യോ ഒരുങ്ങിയിറങ്ങിയാൽ ഫെല്ലെയിനി ടോട്ടനത്തിൽ എത്തുമെന്ന കാര്യം ഏതാണ്ടുറപ്പാണ്.