SHARE

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച റെക്കോർഡുള്ള നായകന്മാരിലൊരാളാണ് മഹേന്ദ്ര സിംഗ് ധോണി. ചെന്നൈക്ക് 4 ഐപിഎൽ കിരീടങ്ങൾ സമ്മാനിച്ച അദ്ദേഹം അടുത്ത വർഷം ഐപിഎല്ലിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇപ്പോളും ആരാധകർക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. താൻ ഐപിഎല്ലിൽ തുടരുമെന്ന് ഈ വർഷത്തെ ഐപിഎൽ ഫൈനലിന് ശേഷം ധോണി സൂചനകൾ നൽകിയിരുന്നുവെങ്കിലും തന്നെ നിലനിർത്തുന്നതിലൂടെ വലിയ തുക ചെന്നൈക്ക് നഷ്ടപ്പെടുന്നതിനോട് ധോണിക്ക് യോജിപ്പില്ലെന്നാണ് സൂചനകൾ.

കളിക്കാനുണ്ടാകുമെങ്കിൽ അടുത്ത സീസണിന് മുന്നോടിയായി ചെന്നൈയുടെ ഒന്നാം ചോയിസ് താരം ധോണിയായിരിക്കുമെന്ന കാര്യം ഉറപ്പാണ്. അദ്ദേഹത്തെത്തന്നെയാകും മെഗാലേലത്തിന് മുൻപ് ടീം ആദ്യം നിലനിർത്തുന്നതും. എന്നാൽ മെഗാലേലത്തിന് മുന്നോടിയായി തന്നെ ടീമിൽ നിലനിർത്തുന്നതിനോട് ധോണിക്ക് വിയോജിപ്പുണ്ടെന്നും അങ്ങനെ വരുമ്പോൾ ധാരാളം പണം ചെന്നൈക്ക് നഷ്ടമാകുമെന്നതാണ് ഇതിന് കാരണമായി ധോണി ചൂണ്ടിക്കാട്ടുന്നതെന്നുമാണ് സി എസ് കെ ഉടമയായ എൻ ശ്രീനിവാസൻ പറയുന്നത്.

“എം എസ് ധോണി വളരെ മികച്ച വ്യക്തിയാണ്. നിലനിർത്തൽ നയം പുറത്ത് വരണമെന്ന് അദ്ദേഹം കരുതുന്നു. തന്നെ നിലനിർത്തുന്നതിലൂടെ സി എസ് കെക്ക് ധാരാളം പണം നഷ്ടപ്പെടാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അതിനാലാണ് അദ്ദേഹം എല്ലാവർക്കും വ്യത്യസ്തമായ മറുപടി (ഭാവി കാര്യത്തിൽ) നൽകുന്നത്.” ശ്രീനിവാസൻ പറഞ്ഞു.

അതേ സമയം അടുത്ത ഐപിഎൽ ലേലത്തിന് മുന്നോടിയായി പരമാവധി നാല് താരങ്ങളെയാണ് ഫ്രാഞ്ചൈസികൾക്ക് ടീമിൽ നിലനിർത്താൻ കഴിയുന്നത്. താരങ്ങളെ നിലനിർത്തുന്നതിനനുസരിച്ച് ടീമുകളുടെ 90 കോടി രൂപ പേഴ്സ് ബാലൻസിലും കുറവ് വരും

4 കളികാരെ ടീമിൽ നിർത്തുന്ന ഫ്രാഞ്ചൈസികൾക്ക് മൊത്തം 42 കോടി രൂപയാകും അതിനായി മുടക്കേണ്ടി വരിക. നിലനിർത്തുന്ന ആദ്യത്തെ താരത്തിന് 16 കോടിയും, രണ്ടാമത്തെ താരത്തിന് 12 കോടി രൂപയും, മൂന്നാമത്തെ താരത്തിന് 8 കോടി രൂപയും, നാലാമത്തെ താരത്തിന് 6 കോടി രൂപയുമാകും ഇവർക്ക് നൽകേണ്ടി വരുക. 3 കളികാരെ നിലനിർത്തുന്ന ഫ്രാഞ്ചൈസികൾക്ക് 33 കോടി രൂപയാകും അതിന് വേണ്ടി ചിലവാകുക. നിലനിർത്തുന്ന ഒന്നാമന് 15 കോടി, രണ്ടാമന് 11 കോടി, മൂന്നാമന് 7 കോടി രൂപ എന്നിങ്ങനെയാവും അവർക്ക് നൽകേണ്ടി വരുക.രണ്ട് താരങ്ങളെ‌ മാത്രം നിലനിർത്തുന്ന ടീമുകൾക്ക് 24 കോടി രൂപയാണ് അതിന് ചിലവഴിക്കേ‌ണ്ടി വരിക. ആദ്യത്തെ താരത്തിന് 14 കോടി രൂപയും, രണ്ടാമന് 10 കോടിയുമാണ് അവർ നൽകേണ്ടത്. ലേലത്തിന് മുൻപ് ആകെ ഒരു താരത്തെ മാത്രം നിലനിർത്തുന്ന ഫ്രാഞ്ചൈസിക്കാവട്ടെ 14 കോടി രൂപയാകും ചിലവാകുക.