SHARE

ഏകദിനത്തിൽ വിജയകരമായി ചേസ് ചെയ്ത മത്സരങ്ങളിലെ ബാറ്റിംഗ് ശരാശരിയിൽ ഏറ്റവും മുന്നിലെത്തി ഇന്ത്യൻ താരം മഹേന്ദ്ര സിംഗ് ധോണി. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ 87 റൺസ് നേടി പുറത്താകാതെ നിന്ന് ടീമിനെ ജയിപ്പിച്ച പ്രകടനത്തിന് ശേഷമാണ് ഇക്കാര്യത്തിൽ ധോണി ഒന്നാമതായത്. 73 മത്സരങ്ങളിൽ 103.07 എന്ന ഞെട്ടിക്കുന്ന ബാറ്റിങ് ശരാശരിയിൽ 2783 റൺസുകളാണ് ഇന്ത്യ ചേസ് ചെയ്ത് വിജയം നേടിയ മത്സരങ്ങളിൽ ധോണിയുടെ സമ്പാദ്യം. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ റെക്കോർഡാണ് ഇതോടെ ധോണി മറികടന്നത്.

ചേസ് ചെയ്ത് വിജയം കണ്ട 78 ഏകദിന മത്സരങ്ങളിൽ പങ്കാളിയായ വിരാട് കോഹ്ലി, 97.98 ബാറ്റിംഗ് ശരാശരിയിൽ 4899 റൺസാണ് നേടിയിട്ടുള്ളത്. ഓസീസിന്റെ മൈക്കൽ ബെവനാണ് ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്ത്. വിജയകരമായി ചേസ് ചെയ്ത 45 മത്സരങ്ങളിൽ 86.25 ബാറ്റിംഗ് ശരാശരിയിൽ 1725 റൺസാണ് ബെവൻ നേടിയിരിക്കുന്നത്.

ചേസിംഗ് വിജയങ്ങളിലെ ധോണിയുടെ അവിസ്മരണീയ ബാറ്റിംഗ് ശരാശരി ഇതിഹാസ താരം ഡോൺ ബ്രാഡ്മാന്റെ കരിയർ ശരാശരിയെ അനുസ്മരിപ്പിക്കുന്നതാണെന്ന് ആരാധകർ പറയുന്നു. ചേസിംഗിൽ നൂറിന് മുകളിൽ ബാറ്റിംഗ് ശരാശരിയുള്ള ധോണി, ചേസിംഗിലെ ഡോൺ ബ്രാഡ്മാനാണെന്നാണ് ഒരു കൂട്ടം ആരാധകരുടെ പക്ഷം.