ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിലൊരാണ് ഇന്ത്യയുടെ മഹേന്ദ്ര സിംഗ് ധോണി. വിക്കറ്റിന് പിന്നിൽ പിഴവുകൾ വരുത്താറില്ലാത്ത താരം, ഇന്ത്യ കളിക്കുന്ന മത്സരങ്ങളിലെല്ലാം വിക്കറ്റിന് പിന്നിൽ ഒരു ക്യാച്ചോ, തകർപ്പൻ സ്റ്റമ്പിംഗോ നേടുന്നത് സ്ഥിരം കാഴ്ചയാണ്. ഇപ്പോളിതാ ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ മിന്നൽ സ്റ്റമ്പിംഗ് നടത്തിയിരിക്കുകയാണ് ധോണി.
ന്യൂസിലൻഡിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാനായ ടിം സീഫർട്ടിനെയായിരുന്നു ധോണി ഇത്തവണ മിന്നൽ സ്റ്റമ്പിംഗിലൂടെ പവലിയനിലെത്തിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് വേണ്ടി ടിം സീഫർട്ട് 25 പന്തിൽ 43 റൺസെടുത്ത് തകർത്തടിക്കുമ്പോളായിരുന്നു ഈ വിക്കറ്റ്. കുൽദീപ് യാദവെറിഞ്ഞ എട്ടാം ഓവറിലെ നാലാം പന്ത് നേരിട്ട സീഫർട്ടിന് പിഴച്ചു. താരത്തിന്റെ വലത് കാൽ പൊങ്ങിയ ചെറിയ സമയത്തിനുള്ളിൽ ധോണി സ്റ്റമ്പ് കുലുക്കി.
മിന്നൽ വേഗത്തിൽ നടത്തിയ ആ സ്റ്റമ്പിംഗ് വിക്കറ്റാണെന്ന് ധോണിക്ക് ഉറപ്പായിരുന്നു. വിക്കറ്റിനായി അപ്പീൽചെയ്ത ധോണി ഉടൻ തന്നെ ആത്മവിശ്വാസത്തോടെ ടീമിനടുത്തേക്ക് പോവുകയായിരുന്നു. തുടർന്ന് മൂന്നാം അമ്പയറുടെ പരിശോധനയിൽ അത് വിക്കറ്റാണെന്ന് തെളിയുകയും ഇന്ത്യയ്ക്ക് നിർണായക ബ്രേക്ക് ത്രൂ ലഭിക്കുകയും ചെയ്തു.
— रति शंकर शुक्ल (@rati_sankar) February 10, 2019