SHARE

അയർലൻഡിനെതിരായ രണ്ടാം ടി20 യിൽ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത് ഒരപൂർവ്വ നിമിഷത്തിനാണ്. മറ്റൊന്നുമല്ല മത്സരത്തിനിടെ ഇന്ത്യൻ സീനിയർ താരം മഹേന്ദ്ര സിംഗ് ധോണി ഇന്ത്യൻ താരങ്ങൾക്ക് ഡ്രിങ്ക്സും, കിറ്റ്ബാഗുമായി മൈതാനത്തെത്തിയതാണ് കാണികൾക്ക് കൗതുകം സമ്മാനിച്ചത്. മത്സരത്തിൽ പന്ത്രണ്ടാമനായിരുന്ന ധോണി, ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെയാണ് സഹതാരങ്ങൾക്ക് വെള്ളവും മറ്റുമായി ഗ്രൗണ്ടിലേക്കിറങ്ങിയത്.

മത്സരത്തിന്റെ ഡ്രിങ്ക്സിനിടെ വെള്ളവും കിറ്റ്ബാഗുമായി ധോണി ഗ്രൗണ്ടിലെത്തുമ്പോൾ ഇന്ത്യൻ ഓപ്പണർമാരായ കെ.എൽ രാഹുലും സുരേഷ് റെയ്നയുമാണ് ബാറ്റ് ചെയ്ത് കൊണ്ടിരുന്നത്. നേരത്തെ 2017 ലെ ചാമ്പ്യൻസ് ട്രോഫിക്ക് മുൻപുള്ള പരിശീലന മത്സരത്തിനിടയിലും സമാന പ്രവൃത്തിയുമായി ധോണി ക്രിക്കറ്റ് ലോകത്തിന്റെ കൈയ്യടി നേടിയിരുന്നു.

പല പ്രമുഖ താരങ്ങളും പന്ത്രണ്ടാമനാകാൻ വിസമ്മതം പ്രകടിപ്പിച്ച കഥകൾ ക്രിക്കറ്റ് ലോകത്ത് നിന്ന് നാം കേട്ടിട്ടുണ്ട്. അവർക്കിടയിലാണ് ഇത്തരമൊരു പ്രവൃത്തിയിലൂടെ ധോണി വേറിട്ട് നിൽക്കുന്നത്. ധോണി പന്ത്രണ്ടാമനായി ഗ്രൗണ്ടിലെത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്‌. യാതൊരു തലക്കനവുമിക്കാത്ത മനുഷ്യനാണ് ധോണിയെന്നും, ധോണിയെപ്പോലൊരു താരം ഏതൊരു യുവതാരത്തിനും റോൾ മോഡലാണെന്നുമൊക്കെയാണ് ഈ ചിത്രങ്ങൾക്ക് താഴെ ആരാധകർ കമന്റ് നൽകിക്കൊണ്ടിരിക്കുന്നത്.