ഇതിഹാസതാരം മഹേന്ദ്രിസിങ് ധോണി അടുത്ത വർഷത്തോടെ ക്രിക്കറ്റിനോട് പൂർണമായും വിടപറഞ്ഞേക്കും. ദ ടെലഗ്രാഫിന്റെ ഒരു റിപ്പോർട്ടിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിരമിക്കിലിന് ശേഷം ധോണി ഇന്ത്യൻ ടീമിനൊപ്പം പുതിയ ദൗത്യമേറ്റെടുത്തേക്കും എന്നും സൂചനകളുണ്ട്.
ടി20 ലോകകപ്പിൽ ഇന്ത്യൻ ടീം സെമിയിൽ പുറത്തായ സാഹചര്യത്തിൽ വൻ അഴിച്ചുപണികൾക്ക് ബിസിസിഐ പദ്ധതിയിടുന്നുണ്ട്. ഇതിനിടെയാണ് ബിസിസിഐയുടെ ചർച്ചകളിൽ ധോണിയുടെ പേരും ഉയരുന്നതെന്നാണ് ടെലഗ്രാഫിന്റെ റിപ്പോർട്ട്. ധോണിയുടെ പരിചയസമ്പത്തും അറിവും ഇന്ത്യയുടെ ടി20 ടീമിൽ ഉപയോഗിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് ടി20 ടീമിലെ ഒരു വിഭാഗം കളിക്കാർക്കൊപ്പം പ്രവർത്തിക്കാനാണ് ധോണിയെ നിയോഗിക്കുക. അതേസമയം ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
2021-ൽ നടന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനൊപ്പം മെന്റർ റോളിൽ ധോണിയുണ്ടായിരുന്നു. അക്കുറി ടീം സെമി കാണാതെ പുറത്തായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞശേഷവും ഐപിഎല്ലിൽ തുടരുന്ന ധോണി, അടുത്ത സീസണോടെ കളിക്കളത്തോട് പൂർണമായും വിടപറഞ്ഞേക്കുമെന്നും റിപ്പോർട്ടിലുണ്ട്.