SHARE

സിനിമാക്കഥകളെ വെല്ലുന്ന നാടകീയ സംഭവങ്ങളായിരുന്നു ഐപിഎല്ലിൽ ഇന്നലെ നടന്ന രാജസ്ഥാൻ റോയൽസ് – ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തിൽ അരങ്ങേറിയത്. മത്സരത്തിൽ നോബോൾ വിവാദമുണ്ടായപ്പോൾ ചെന്നൈ ‌സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണി, ഗ്രൗണ്ടിലിറങ്ങിയതും അമ്പയർമാരോട് ദേഷ്യത്തിൽ സംസാരിച്ചതുമൊക്കെ വലിയ വിവാദമായി. വിവാദ സംഭവമുണ്ടായപ്പോൾ ധോണി ഗ്രൗണ്ടിലേക്കിറങ്ങിയത് ശരിയായില്ലെന്ന് മുൻ ക്രിക്കറ്റർമാരടക്കമുള്ള പലരും അഭിപ്രായപ്പെട്ടു. സംഭവത്തിൽ ഇപ്പോളിതാ ധോണിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുകയാണ്ഐപിഎൽ അച്ചടക്ക സമിതി.

അനാവശ്യമായി ഗ്രൗണ്ടിൽ പ്രവേശിച്ച ധോണിക്കെതിരെ മത്സര സസ്പെൻഷൻ പോലുള്ള കടുത്ത അച്ചടക്ക നടപടികളുണ്ടായേക്കുമെന്ന് കരുതപ്പെട്ടെങ്കിലും മത്സര ഫീയുടെ 50 ശതമാനം തുക പിഴ മാത്രമാണ് അദ്ദേഹത്തിന് ശിക്ഷയായി ലഭിച്ചത്. ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച പ്രവൃത്തിക്ക് ധോണിക്ക് പിഴശിക്ഷ വിധിച്ച കാര്യം ഐപിഎൽ അധികൃതർ തന്നെയാണ് പത്രക്കുറിപ്പിലൂടെ പുറത്ത് വിട്ടത്. ഇത്തരമൊരു കുറ്റം ഇതാദ്യമായി ചെയ്യുന്നത് കൊണ്ടാണ് ഏറ്റവും കുറഞ്ഞ‌ശിക്ഷ വാങ്ങി ധോണി രക്ഷപെട്ടത്. ഇത് പോലുള്ള‌സംഭവങ്ങൾ ആവർത്തിക്കുകയാണെങ്കിൽ സസ്പെൻഷൻ പോലുള്ള കടുത്ത ശിക്ഷകൾ തന്നെ അദ്ദേഹത്തിന് ലഭിക്കും.