SHARE

കൂൾ ക്യാപ്റ്റനെന്നാണ് ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണി അറിയപ്പെടുന്നത്. എന്നാൽ നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ഐപിഎല്ലിൽ പല‌തവണ ധോണിക്ക് ‌തന്റെ ശാന്തത കൈമോശംവന്നിരുന്നു. ഇപ്പോളിതാ ഒരിക്കൽക്കൂടി കളിക്കിടെ ധോണി കലിപ്പായിരിക്കുന്നു. മുംബൈ ഇന്ത്യൻസിനെതിരെ കഴിഞ്ഞ‌ ദിവസം നടന്ന ക്വാളിഫയർ മത്സരത്തിലായിരുന്നു ധോണി കലിപ്പായത്.

മത്സരത്തിൽ മുംബൈ താരം സൂര്യകുമാർ യാദവ് നൽകിയ ക്യാച്ച് മുരളി വിജയ് വിട്ടു കളഞ്ഞതാണ്‌ ധോണിയെ രോഷം കൊള്ളിച്ചത്. വിജയ് ക്യാച്ച് വിട്ടതിന് പിന്നാലെ ധോണി രോഷാകുലനായി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. ടിവി ക്യാമറകൾഇത് കൃത്യമായി ഒപ്പിയെടുക്കുകയും ചെയ്തു.

മുംബൈ ഇന്നിംഗ്സിന്റെ അഞ്ചാം ഓവറിലായിരുന്നു ഈ സംഭവം. ചഹർ എറിഞ്ഞ ലെംഗ്ത്ത് ഡെലിവറി ലെഗ് സൈഡിലേക്ക് അടിക്കാൻ ശ്രമിച്ച സൂര്യകുമാർ യാദവിന്‌ പിഴച്ചു. കൃത്യമായി ടൈമിംഗ് ലഭിക്കാതിരുന്ന‌ ഷോട്ട് മിഡ് ഓണിൽ നിന്ന മുരളി വിജയ്ക്കരികിലെത്തി. എന്നാൽ ക്യാച്ചെടുക്കാൻ തന്റെ വലത് വശത്തേക്ക് ചാടിയെങ്കിലും മുരളി വിജയ്ക്ക് അത് പൂർത്തീകരിക്കാനായില്ല. ഇത് ധോണിയെ രോഷംകൊള്ളിച്ചു. അദ്ദേഹം വിജയോട് ദേഷ്യത്തിൽ എന്തോ പറയുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.