SHARE

ലോകമെമ്പാടും ആരാധകരുള്ള ക്രിക്കറ്റ് താരമാണ് ഇന്ത്യയുടെ മഹേന്ദ്ര സിംഗ് ധോണി. കളിക്കാനിറങ്ങുമ്പോളൊക്കെ ഗ്യാലറിയിൽ നിന്ന്‌ വൻ ആരാധക പിന്തുണ ലഭിക്കാറുള്ള ധോണിക്ക് ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 യിൽ ബാറ്റിംഗിനിറങ്ങിയപ്പോൾ‌ ഓക്ക്ലൻഡിലെ ഗ്യാലറിയിൽ നിന്ന് വമ്പൻ വരവേൽപ്പാണ് ലഭിച്ചത്‌.

മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 159 റൺസ് പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി അഞ്ചാമനായാണ് ധോണി ബാറ്റിംഗിനിറങ്ങിയത്. വിജയ് ശങ്കറിന്റെ വിക്കറ്റ് വീണതിന് പിന്നാലെ ധോണി ബാറ്റ് ചെയ്യാനെത്തിയപ്പോൾ ഗ്യാലറി ഇളകി മറിഞ്ഞു. ഇന്ത്യൻ ആരാധകർക്കൊപ്പം ന്യൂസിലൻഡ് ആരാധകരും കൈയ്യടികളോടെയാണ് തങ്ങളുടെ പ്രിയ താരത്തെ മൈതാനത്തേക്ക് വരവേറ്റത്‌. അതേ സമയം കാണികളുടെ വമ്പൻ വരവേൽപ്പ് ലഭിച്ച മത്സരത്തിൽ ധോണി 17 പന്തിൽ 20 റൺസോടെ പുറത്താകാതെ നിന്നു. ഇന്ത്യ വിജയത്തിലെത്തുമ്പോൾ ധോണിയും ക്രീസിലുണ്ടായിരുന്നു‌.