SHARE

ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പര ഇന്ത്യ പരാജയപ്പെട്ടതിന് ശേഷം ധോണി ലിമിറ്റഡ് ഓവർ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്ന് വന്നിട്ടുണ്ട്. പരമ്പരയിലെ അവസാന ഏകദിനം കഴിഞ്ഞതിന് ശേഷം ധോണി അംപയര്‍മാരില്‍ നിന്ന് മാച്ച് ബോള്‍ സ്വന്തമാക്കിയത് ഇതിന്റെ സൂചനയാണെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പും ധോണി ഇപ്രകാരം ചെയ്തതാണ് സൂചനകള്‍ ശക്തമാവാന്‍ കാരണമായത്.

അതിനിടെ മൂന്നാം ഏകദിനത്തിന് ശേഷം ധോണി ആരാധകന് തന്റെ ഗ്ലൗവ്‌സ് സമ്മാനമായി നല്‍കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ലങ്കാഷെയര്‍ ഭാരത് ആര്‍മ്മി എന്ന ഫാന്‍ ക്ലബാണ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. മത്സരം കഴിഞ്ഞ് ബസിലേക്ക് കയറുന്നതിനിടെയാണ് ധോണി ആരാധകന് തന്റെ ഗ്ലൗവ്‌സ് സമ്മാനമായി നല്‍കിയെന്നാണ് ലങ്കാഷെയര്‍ ഭാരത് ആര്‍മ്മി വ്യക്തമാക്കുന്നത്. ഇത് വിരമിക്കുന്നതുമായി ബന്ധപ്പെട്ട് ധോണി നല്‍കിയ രണ്ടാമത്തെ സൂചനയാണെന്നും അവര്‍ വിലയിരുത്തുന്നുണ്ട്. ഇംഗ്ലണ്ടിൽ നടന്ന ഇന്ത്യയുടെ മത്സരങ്ങൾക്കെല്ലാം ടീമിന് പിന്തുണയുമായി എത്തിയവരാണ് ക്ലബ് അംഗങ്ങൾ.