SHARE

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടക്കകാലം മുതല്‍ തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകര്‍, ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ സ്‌നേഹത്തോടെ വിളിക്കുന്ന പേരാണ് ‘ തല ‘ , അതായത് നായകന്‍. ധോണിയുടെ കീഴില്‍ രണ്ട് ഐ പി എല്‍ കിരീടം നേടിയതിന് പുറമേ, കളിച്ച എല്ലാ സീസണുകളിലും ചെന്നെ പ്ലേ ഓഫ് യോഗ്യത നേടി. രണ്ടു വര്‍ഷത്തിന് വിലക്കിന് ശേഷം തിരിച്ചെത്തിയ പതിനൊന്നാം സീസണിലും ടീം പ്ലേ എഫില്‍ കയറിയിട്ടുണ്ട്.

എന്നാല്‍ വിലക്ക് നേരിടുന്ന മലയാളി പേസ് ബോളര്‍ ശ്രീശാന്തിനെ സംബന്ധിച്ച് ‘ തല ‘ ധോണിയല്ല. ലോകത്ത് ഒരേയൊരു ‘ തല ‘ യേയുള്ളൂ, അത് തമിഴ് സിനിമാ നടന്‍ അജിത് കുമാറാണെന്ന് ശ്രീശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞതായി ക്രിക്ക് ട്രാക്കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ ഒരേയൊരു തലയേയുള്ളൂവെന്ന് ഞാന്‍ വിശ്വസിക്കുന്നു, ചെന്നൈയില്‍ മാത്രമല്ല, ലോകത്ത് എല്ലായിടത്തും, ഞാന്‍ തലയുടെ വലിയ ആരാധകനാണ്, ധോണി തലയാണെന്ന് പറഞ്ഞ് ഞാന്‍ കുറേ പോസ്റ്ററുകള്‍ കണ്ടു, പക്ഷേ എല്ലാവര്‍ക്കും അറിയാം, യഥാര്‍ത്ഥ തല അത്, അജിത് അണ്ണന്‍ തന്നെയാണെന്ന്’ – ശ്രീശാന്ത് പറഞ്ഞു. 2001ല്‍ പുറത്തിറങ്ങിയ ‘ ധീന’ എന്ന സിനിക്ക് ശേഷമാണ് അജിത്ത് കുമാറിനെ ആരാധകര്‍ തലയെന്ന് വിളിച്ച് തുടങ്ങിയത്.

2013ല്‍ ഒത്തുകളിയാരോപണവുമായി ബന്ധപ്പെട്ട് ബി സി സി ഐ ആജീവനനാന്ത വിലക്കാണ് ശ്രീശാന്തിന് നല്‍കിയത്. ഹൈക്കോടതി ബെഞ്ച് താരത്തെ കുറ്റവിമുക്തനാക്കിയെങ്കിലും ബി സി സി ഐ ഇതുവരെ വിലക്ക് നീക്കിയിട്ടില്ല. ഡല്‍ഹി പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ ജൂലൈയില്‍ തീരുമാനം വേണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനുള്ള കാത്തിരിപ്പിലാണ് ശ്രീശാന്ത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ കുറിച്ചും ശ്രീശാന്ത് കഴിഞ്ഞ ദിവസം സംസാരിച്ചു. ‘ നമ്മള്‍ എല്ലാവരും ക്യാപ്റ്റന്‍ കൂളെന്ന നിലയില്‍ ധോണിയെ ബഹുമാനിക്കുന്നു, അദ്ദേഹത്തിന് കീഴില്‍ കളിക്കാന്‍ കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്, അത് ഒരു അംഗീകാരമായാണ് കാണുന്നത്’ – ശ്രീശാന്ത് മനസ്സ് തുറന്നു.