SHARE

കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയുടെ ടി20 ടീമിൽ നിന്ന് മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കിയത്. ടീമിലെ ഏറ്റവും സീനിയർ താരമായ ധോണിയെ ടി20 സംഘത്തിൽ നിന്ന് ഒഴിവാക്കിയത് ആരാധകരെ കടുത്ത നിരാശയിലാക്കിയെങ്കിലും, നായകനായ വിരാട് കോഹ്ലിയുടേയും ഉപനായകൻ രോഹിത് ശർമ്മയുടേയും അനുമതിയോടെയാണ് ഈ പുറത്താക്കലെന്ന വാർത്ത പുറത്ത് വന്നത് ക്രിക്കറ്റ് ലോകത്തെ ശരിക്കും ഞെട്ടലിലാക്കിയത്. എന്നാൽ ഇപ്പോളിതാ ഇക്കാര്യത്തിൽ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് കോഹ്ലി.

തന്റെയും, രോഹിതിന്റേയും അനുമതിക്ക് ശേഷമാണ് ധോണിയെ ടി20 ടീമിൽ നിന്ന് ഒഴിവാക്കിയത് എന്നുള്ള വാർത്തകൾ തെറ്റാണെന്ന് പറഞ്ഞ കോഹ്ലി ഇങ്ങനെ കൂട്ടിച്ചേർത്തു, “ധോണി ഇപ്പോളും ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമാണ്. ടി20 യിൽ യുവതാരമായ പന്തിന് വഴിമാറിക്കൊടുക്കുക മാത്രമാണ് ധോണി ചെയ്തത്. ധോണിയെ ടീമിൽ നിന്ന് പുറത്താക്കുന്നതിന് മുൻപ് നടത്തിയ ചർച്ചയിൽ താനും രോഹിതുമുണ്ടായിരുന്നു എന്ന വാർത്തകൾ തെറ്റാണ്. നിലവിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ ഒരു കാര്യം ഞാൻ പറയുന്നു, ധോണിയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന പല വാർത്തകളും സത്യത്തോട് ഏറെ അകന്ന് നിൽക്കുന്നതാണ് “. കോഹ്ലി പറഞ്ഞുനിർത്തി.