SHARE

ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യഘടകങ്ങളിലൊരാളായിരുന്നു സുരേഷ് റെയ്ന. ടീമിന്റെ മധ്യ നിരയിൽ വ്യത്യസ്ത സ്ഥാനങ്ങളിൽ ബാറ്റ് ചെയ്തിരുന്ന താരം പല പ്രധാന മത്സരങ്ങളിലും ഇന്ത്യക്ക് വേണ്ടി നിർണായക പ്രകടനങ്ങൾ പുറത്തെടുത്തിട്ടുണ്ട്‌‌. ബാറ്റിംഗിൽ പുറത്തെടുത്തിരുന്ന ഉജ്ജ്വല പ്രകടനങ്ങൾക്ക് പുറമേ താരത്തിന്റെ ഫീൽഡിംഗ് മികവും അദ്ദേഹത്തിന്റെ ടീമിലെ സ്ഥാനം സ്ഥിരപ്പെടുത്തി‌.

എന്നാൽ റെയ്നയുടെ പ്രകടന മികവിൽ ആർക്കും സംശയമുണ്ടായിരുന്നില്ലെങ്കിൽപ്പോലും നായകൻ ധോണിയോടുള്ള അടുപ്പം മൂലമാണ് അദ്ദേഹം ടീമിൽ നിലനിന്നിരുന്നത് എന്ന വിമർശനവും അക്കാലത്ത് ഉയർന്നിരുന്നു. അടിസ്ഥാന രഹിതമായ വിമർശനമായിരുന്നു അതെന്നതാണ് സത്യം. ഇപ്പോളിതാ തന്റെ ആത്മകഥയായ ‘ബിലീവ്’ ൽ ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് റെയ്ന തുറന്ന് പറഞ്ഞിരിക്കുന്നു.

തന്നിൽ നിന്ന് എങ്ങനെ ഏറ്റവും മികച്ച പ്രകടനം നേടാൻ കഴിയുമെന്ന് ധോണിക്ക് അറിയാമായിരുന്നുവെന്ന് റെയ്ന പറയുന്നു. “ഞാനും ധോണിയുമായുള്ള അടുപ്പത്തെ ഇന്ത്യൻ ടീമിലെ എന്റെ സ്ഥാനവുമായി ബന്ധപ്പെടുത്തുന്നത് വളരെയധികം വേദന നൽകുന്ന കാര്യമാണ്. ധോണിയുടെ വിശ്വാസവും ആദരവും നേടിയത് പോലെ ഇന്ത്യൻ ടീമിൽ സ്ഥാനം നേടാനും ഞാൻ എല്ലായ്പ്പോളും കഠിനമായി പരിശ്രമിച്ചു.” റെയ്ന പറഞ്ഞു നിർത്തി‌.