SHARE

ധോണി 5 ബോളർമാർ മാത്രമായി ടീമിനെ നയിക്കുന്നത് തന്റെ ഓർമ്മയിൽ ഇതാദ്യമാണെന്ന് മുൻ ഇന്ത്യൻ ടെസ്റ്റ് ടീം ഓപ്പണറും, പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. മുൻപൊരിക്കലും 5 ബോളർമാർ മാത്രമായി കളിക്കാൻ താല്പര്യപ്പെട്ടിട്ടില്ലാത്ത ധോണി ഇക്കുറി അങ്ങനെ ചെയ്യുന്നതായും, ഇത് തന്റെ ബാറ്റിംഗ് മികവിലുള്ള അദ്ദേഹത്തിന്റെ ആത്മവിശ്വാസക്കുറവ് മൂലമാണെന്നും ചോപ്ര കൂട്ടിച്ചേർത്തു‌. തന്റെ യൂടൂബ് ചാനലിലൂടെയാണ് ചോപ്ര ഇപ്പോൾ ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ചോപ്രയുടെ വാക്കുകൾ ഇങ്ങനെ, “തന്റെ ബാറ്റിംഗിനെക്കുറിച്ച് ധോണിക്ക് ഒരല്പം ആശങ്കയുണ്ട്. റായുഡുവിന്റെ അഭാവം ഒരു വലിയ പ്രശ്നമാണ്. ധോണിക്ക് തന്റെ ബാറ്റിംഗ് ഫോമിനെക്കുറിച്ച് 100 ശതമാനം ആത്മവിശ്വാസമില്ല. ഒപ്പം റുതുരാജ് ഗെയിക്ക്വാദ് വന്നതും, മുരളി വിജയ് റൺസ് നേടാത്തതും 6 ബോളർമാരുമായി കളിക്കാനുള്ള ആത്മവിശ്വാസം ധോണിയ്ക്ക് നഷ്ടപ്പെടുത്തി. ഈ സീസണിൽ ജഡേജ മൂന്ന് മത്സരങ്ങളിലും 4 ഓവർ എറിഞ്ഞു. ഓരോ തവണയും അദ്ദേഹം 40 റൺസിൽ കൂടുതൽ വഴങ്ങി. അദ്ദേഹം ഇത്രയധികം റൺസ് വിട്ടു നൽകിയെങ്കിലും നിങ്ങൾക്ക് മറ്റെവിടെയും പോകാനാവില്ല. കാരണം മറ്റാരും ബോൾ ചെയ്യാനില്ല. ടീമിലുള്ളത് ആകെ 5 ബോളർമാരാണ്‌. ഇത് ധോണിയിൽ നിന്ന്‌ വളരെ വ്യത്യസ്തമാണ്. പക്ഷേ അത് സംഭവിക്കുന്നു.”

“ധോണിയുടെ ബാറ്റിംഗ് ക്രമത്തെക്കുറിച്ച് പറയുമ്പോൾ റുതുരാജ് ഗെയിക്ക്വാദിനും, മുരളി വിജയ്ക്കും എവിടെയാണ് ബാറ്റ് ചെയ്യാൻ കഴിയുക എന്നത് നിങ്ങൾ നോക്കേണ്ടതുണ്ട്. കേദാർ ജാദവിനെ അവസാനം അയക്കുന്നത് കൊണ്ടുള്ള ഗുണം എന്താണ്. ധോണി എവിടെയാണ് ബാറ്റ് ചെയ്യുന്നതെന്നും, എന്ത് കൊണ്ടാണ് അവിടെ ബാറ്റ് ചെയ്യുന്നതെന്നും എനിക്ക് മനസിലാക്കാൻ സാധിക്കും.” ആകാശ് ചോപ്ര പറഞ്ഞു നിർത്തി‌.