SHARE

ഈ വർഷത്തെ വിജയ് ഹസാരെ ട്രോഫിയിൽ മഹേന്ദ്ര സിംഗ് ധോണി കളിച്ചേക്കില്ല. നേരത്തെ ടൂർണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തിൽ ധോണി തന്റെ ടീമായ ജാർഖണ്ടിന് വേണ്ടി കളിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അത് സംഭവിക്കില്ലെന്നാണ് ഏറ്റവും പുതിയ വാർത്ത. വിജയ് ഹസാരെയിൽ കളിച്ച് വിൻഡീസുമായി നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുൻപ് ധോണി ഫോം വീണ്ടെടുക്കുമെന്ന് കരുതിയിരുന്ന ആരാധകർക്ക് കടുത്ത നിരാശയാണ് ഈ വാർത്ത സമ്മാനിക്കുന്നത്.

നിലവിൽ ജാർഖണ്ട് ടീമിന്റെ മെന്റർ കൂടിയാണെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി താരം അവർക്ക് വേണ്ടി കളിക്കുന്നില്ല. അന്താരാഷ്ട്ര മത്സരങ്ങളുടെ ആധിക്യമാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നായി പറയപ്പെടുന്നത്. അതേ സമയം, നിലവിൽ മോശം ഫോമിലൂടെ കടന്ന് പോകുന്നതിനാൽ‌, ഫോം വീണ്ടെടുക്കുന്നതിന് വേണ്ടി വിജയ്ഹസാരെ ട്രോഫിയിൽ ധോണി കളിക്കുമെന്നായിരുന്നു ക്രിക്കറ്റ് ലോകം കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ അഭ്യന്തര മത്സരങ്ങളിലൊന്നിലും കളിക്കാൻ ധോണി താല്പര്യപ്പെടുന്നില്ല‌.

നിലവിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണെങ്കിലും തുടർച്ചയായ ബാറ്റിംഗ് പരാജയങ്ങൾ ടീമിലെ ധോണിയുടെ സ്ഥാനത്തിന് ഭീഷണി ഉയർത്തിത്തുടങ്ങിയിട്ടുണ്ട്. നിലവിൽ വിശ്രമത്തിലുള്ള താരം വിൻഡീസിനെതിരായ ഏകദിന പരമ്പരയിലാകും വീണ്ടും കളിക്കളത്തിൽ തിരിച്ചെത്തുക.