SHARE

ഐ പി എല്‍ പതിനൊന്നാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിലെ നിര്‍ണ്ണായക സാന്നിധ്യമാണ് അമ്പാട്ടി റായുഡുവെന്ന ഹൈദരാബാദുകാരന്‍. സീസണില്‍ അഞ്ചു മത്സരങ്ങളില്‍ നിന്ന് 201 റണ്‍സാണ് താരം നേടിയിരിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റായുഡു നേടിയ തകർപ്പൻ അർധസെഞ്ചുറിയാണ് ചെന്നെെയെ വിജയത്തിലേക്ക് നയിച്ചത്. കളിയിലെ താരവും റായുഡുവായിരുന്നു.

2014ല്‍ അമ്പാട്ടി റായുഡുവും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളും തമ്മിലുണ്ടായ ഒരു ബിരിയാണിക്കഥയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്. അന്ന് മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു റായുഡു. ചെന്നൈ ഐ പി എല്ലിലെ മൂന്നാം സ്ഥാനക്കാരായി ചാമ്പ്യന്‍സ് ലീഗ് കളിക്കാനെത്തിയതാണ് ഹൈദരാബാദില്‍. ധോണിയും കൂട്ടരും താമസിച്ചിരുന്ന ഹോട്ടലില്‍ വീട്ടിലുണ്ടാക്കിയ ഹൈദരാബാദി ബിരിയാണിയുമായി റായുഡു എത്തി. എന്നാല്‍ ഹോട്ടല്‍ അധികൃതര്‍ ബിരിയാണിയും കൊണ്ട് അകത്ത് കയറാന്‍ റായുഡുവിനെ അനുവദിച്ചില്ല. പുറമേ, നിന്നുള്ള ഭക്ഷ്യസാധനങ്ങള്‍ ഉള്ളിലേക്ക് കയറ്റാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഇതറിഞ്ഞെത്തിയ ധോണി ഉടൻ തന്നെ സഹതാരങ്ങളുമായി ഹോട്ടല്‍ വിട്ടിറങ്ങി, പാര്‍ക്കില്‍ പോയി ബിരിയാണി കഴിക്കുകയും ചെയ്തു. സുരേഷ് റെയ്‌ന, ഡ്വെയിന്‍ ബ്രാവോ തുടങ്ങിയ താരങ്ങളും അന്ന് ധോണിയോടൊപ്പം ഉണ്ടായിരുന്നു. എന്തായാലും അന്ന് റായുഡുവിന്റെ മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് കിരീടജേതാക്കളായത്. ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആയിരുന്നു ചെന്നൈയുടെ എതിരാളികള്‍.