SHARE

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ലീഗിലെ അവസാന മത്സരത്തില്‍ പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ബോളര്‍മാര്‍ മികവ് കാട്ടിയ മത്സരത്തില്‍ അഞ്ചു വിക്കറ്റുകള്‍ക്കാണ് ചെന്നൈ വിജയിച്ചത്. 4 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി ലുംഗി എങ്കിടി തിളങ്ങിയപ്പോള്‍ ചെന്നൈ പഞ്ചാബിനെ 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ ഔട്ടാക്കി.

വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 19ാം ഓവറില്‍ പഞ്ചാബ് സ്‌കോറിനൊപ്പമെത്തി. ആറു പന്തുകള്‍ ബാക്കി നില്‍ക്കേ, ഒരു റണ്‍സ് മാത്രമായിരുന്നു ചെന്നൈക്ക് വിജയിക്കാന്‍ ആവശ്യമായിരുന്നത്. എന്നാല്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സറിന് പറത്തി ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ചെന്നൈയെ വിജയത്തിലെത്തിച്ചു. 61 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായ സുരേഷ് റെയ്‌നയാണ് മറുവശത്ത് ക്രീസിലുണ്ടായിരുന്നത്. മത്സരം കഴിഞ്ഞതിന് ശേഷം ധോണിയോട് സിക്‌സടിച്ച് ഫിനിഷ് ചെയ്തത് എന്തിനായിരുന്നുവെന്ന് ചോദിക്കുകയും ചെയ്തു.

ധോണിയുടെ മറുപടി ഇങ്ങനെ – ‘ എല്ലാ ഫീല്‍ഡര്‍മാരും കയറി നില്‍ക്കുകയായിരുന്നു, ആ സമയത്ത് വലിയ ഷോട്ടെടുക്കാനാണ് തോന്നിയത്, അത് സിക്‌സാവുകയും ചെയ്തു’. അതേ, സമയം ധോണി ബാറ്റിംഗ് ലൈനപ്പിലും മാറ്റങ്ങള്‍ വരുത്തി ആരാധകരെ അമ്പരപ്പിച്ചിരുന്നു. അമ്പാട്ടി റായുഡു (1), ഫാഫ് ഡുപ്ലെസിസ് (14), സാം ബില്ലിംഗ്‌സ് (0) എന്നിവര്‍ പുറത്തായപ്പോള്‍ ചെന്നൈ 4.4 ഓവറില്‍ 27-3 എന്ന നിലയില്‍ തകര്‍ച്ച നേരിട്ടു. അഞ്ചാഅഞ്ചാമനായി ധോണി ബാറ്റിംഗിനയച്ചത് ഹര്‍ഭജന്‍ സിംഗിനെയായിരുന്നു. 22 പന്തില്‍ 19 റണ്‍സെടുത്ത് ഭാജി മടങ്ങിയെങ്കിലും അടുത്തത് ദീപക് ചഹറാണ് ക്രീസിലെത്തിയത്. ചഹര്‍ 20 പന്തില്‍ 39 റണ്‍സടിച്ച് ബാറ്റിംഗിലും താന്‍ കേമനാണെന്ന് തെളിയിച്ചു. ചഹര്‍ മടങ്ങിയതിന് ശേഷമാണ് ധോണി ക്രീസിലെത്തിയത്.

ഇതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ധോണി മറുപടി നല്‍കി. ‘ മികച്ച രീതിയിലാണ് പഞ്ചാബ് ബോളര്‍മാര്‍ പന്തെറിഞ്ഞത്, അവരെയൊന്ന് ഞെട്ടിക്കുകയെന്നതായിരുന്നു ആ നീക്കത്തിന്റെ ഉദ്ദേശ്യം, കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്, ആ സമയത്തെ ഒരു പരീക്ഷണം, വാലറ്റക്കാര്‍ വരുമ്പോള്‍ ബോളര്‍മാര്‍ ബൗണ്‍സറുകളും ഓഫ് കട്ടറുകളും തുടങ്ങി വ്യത്യസ്ത രീതിയില്‍ പന്തെറിയും, അങ്ങനെ അവരുടെ കെട്ടുറപ്പ് തകര്‍ക്കാനായിരുന്നു ആ നീക്കം, അത് വിജയിച്ചുവെന്ന് മാത്രമല്ല, ഭാജിക്കും ചഹറിനും ബാറ്റ് ചെയ്യാനുള്ള അവസരമായി മാറുകയും ചെയ്തു’ – ധോണി വ്യക്തമാക്കി. 22ന് സൺറൈസേഴ്സിനെതിരെ നടക്കുന്ന ആദ്യ ക്വാളിഫയർ മത്സരമാണ് ചെന്നെെയെ കാത്തിരിക്കുന്ന അടുത്ത വെല്ലുവിളി.