SHARE

പല‌ തവണ താൻ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താകലിന്റെ വക്കിലെത്തിയിട്ടുണ്ടെന്നും അപ്പോളൊക്കെ തന്നെ ടീമിൽ പിടിച്ച് നിർത്തിയത് നായകനായിരുന്ന മഹേന്ദ്ര സിംഗ് ധോണിയാണെന്നും ഇന്ത്യൻ സ്റ്റാർ പേസർ ഇഷാന്ത് ശർമ്മ. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.

നിലവിൽ ഇന്ത്യൻ ഏകദിന ടീമിലില്ലെങ്കിലും , ടെസ്റ്റിൽ ഇപ്പോളും ടീമിന്റെ പ്രധാന താരമാണ് ഇഷാന്ത്. 2016 ന് ശേഷം എകദിന ടീമിലെത്തിയിട്ടില്ലാത്ത ഇഷാന്ത്‌ശർമ്മ ഇക്കുറി ഐപിഎല്ലിൽ ഡെൽഹി ക്യാപിറ്റൽസിനായി മികച്ച പ്രകടനം പുറത്തെടുത്ത് ഏകദിന ടീമിലേക്ക് തിരിച്ചുവരാനുള്ള പദ്ധതികളിലാണ്.

-Advertisement-

ഐപിഎൽ മുന്നൊരുക്കങ്ങൾക്കിടയിൽ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലായിരുന്നു ഇഷാന്ത് ശർമ്മ, തന്നെ പലപ്പോളും ഇന്ത്യൻ ടീമിൽ നിന്ന് പുറത്താകാതെ പിടിച്ചുനിർത്തിയത് ധോണിയാണെന്ന് പറഞ്ഞത്‌. ഇഷാന്തിന്റെ വാക്കുകൾ ഇങ്ങനെ, ” മഹി ഭായ് പല തവണ എന്നെ ടീമിൽ നിന്ന് പുറത്താകാതെ രക്ഷപെടുത്തിയിട്ടുണ്ട്. എന്നെ അദ്ദേഹം ഒത്തിരി പിന്തുണച്ചു. ഞാൻ ക്ഷീണിതനാണെന്ന് അറിയാമെന്നും, പക്ഷേ ഒരു സീനിയർ താരമെന്ന നിലയിൽ ടീമിന് എന്റെ ഏറ്റവും മികച്ച പ്രകടനം ആവശ്യമാണെന്നും നായകനായ കോഹ്ലി പലപ്പോളും പറയാറുണ്ട്.

മുൻപ് താൻ നന്നായി പന്തെറിയാൻ മാത്രമായിരുന്നു നോക്കിയിരുന്നത്‌. പക്ഷേ ഇപ്പോൾ കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കുകയും, വിക്കറ്റുകൾ നേടുകയുമാണ് തന്റെ ലക്ഷ്യം. കാരണം വിക്കറ്റുകൾക്ക് മാത്രമേ നമ്മളെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറ്റാനാകൂ.” ഇഷാന്ത് പറഞ്ഞുനിർത്തി.