SHARE

ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലെ അവസാന ഏകദിന മത്സരം ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ അംപയര്‍മാരുടെ കയ്യില്‍ നിന്ന് ധോണി പന്ത് വാങ്ങിയത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകളുണ്ടാക്കിയിരുന്നു. ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന തരത്തില്‍ അഭ്യൂഹങ്ങളും പരന്നു. മുമ്പ് ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് ധോണി ഇപ്രകാരം ചെയ്തതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്.

എന്നാല്‍ പിന്നീട്, ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി തന്നെ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. മത്സരത്തിന് ശേഷം ഇന്ത്യയുടെ ബോളിംഗ് പരിശീലകന് പന്ത് പരിശോധിക്കാന്‍ വേണ്ടിയാണ് ധോണി അത് അംപയറുടെ കയ്യില്‍ നിന്ന് വാങ്ങിയതെന്നാണ് ശാസ്ത്രി പറഞ്ഞു. ഇപ്പോഴിതാ, സംഭവത്തിൽ കൂടുതല്‍ വ്യക്തത വരുത്തുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ധോണി.

‘ അവിടെ നമ്മുടെ ബോളര്‍മാര്‍ക്ക് റിവേഴ്‌സ് സ്വിംഗ് ലഭിച്ചിരുന്നില്ല, എന്നാല്‍ ഇംഗ്ലണ്ടിന് ലഭിക്കുകയും ചെയ്തു, അതു കൊണ്ട് തന്നെ അത് പരിശോധിക്കാന്‍ ബോളിംഗ് പരിശീലകന് മത്സരശേഷം പന്ത് വേണമായിരുന്നു, മാത്രമല്ല അടുത്ത വര്‍ഷം ഇംഗ്ലണ്ടിന്റെ മണ്ണില്‍ ലോകകപ്പ് നടക്കുന്നതിനാൽ അത് പരിശോധിക്കുക അത്യാവശ്യമായിരുന്നു, പ്രത്യേകിച്ചും നമ്മുടെ ബോളര്‍മാര്‍ക്ക് ലഭിക്കാതെ എതിരാളികള്‍ക്ക് അവിടെ റിവേഴ്‌സ് സ്വിംഗ് ലഭിക്കുന്നത് കൊണ്ട്’ – ധോണി വ്യക്തമാക്കി.