SHARE

ഇന്ത്യൻ സീനിയർ താരം മഹേന്ദ്ര സിംഗ് ധോണി അഭ്യന്തര ക്രിക്കറ്റിൽ കൂടുതൽ സജീവമാകണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽഗവാസ്കർ. അഭ്യന്തര ഏകദിന മത്സരങ്ങളിൽ മാത്രമല്ല, മറിച്ച് ചതുർദിന മത്സരങ്ങളിലും അദ്ദേഹം കളിക്കണമെന്നും ഇത് ജാർഖണ്ട് ടീമിലെ സഹതാരങ്ങളെ ഏറെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ധോണി അഭ്യന്തര ക്രിക്കറ്റിൽ കൂടുതലായി കളിച്ചേ പറ്റൂ. നാല് ദിന മത്സരങ്ങളിലും അദ്ദേഹം പങ്കെടുക്കണം. തന്റെ ടീമായ ജാർഖണ്ടിലെ യുവതാരങ്ങൾക്ക് ഇത് ഏറെ പ്രചോദനമാകും. അദ്ദേഹം നിലവിൽ ടീമിന്റെ മെന്ററാണെന്നും, അവർക്കൊപ്പം അദ്ദേഹം യാത്ര ചെയ്യാറുണ്ടെന്നും തനിക്കറിയാം, എന്നാൽ ഒപ്പം കളിക്കുമ്പോൾ കിട്ടുന്ന പ്രചോദനം ഇതിനേക്കാൾ വലുതാണ്. ജാർഖണ്ടിൽ നിന്ന് ഉയർന്ന് വരുന്ന യുവതാരങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഭവമായിരിക്കും അത്.” ഗവാസ്കർ പറഞ്ഞു.

അതേ സമയം തന്റെ ടീമായ ജാർഖണ്ടിന് വേണ്ടി നേരത്തെ സ്ഥിരമായി കളിച്ചിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി ധോണി അവർക്കൊപ്പം കളിച്ചിട്ടില്ല. നിലവിൽ ജാർഖണ്ട് ക്രിക്കറ്റ് ടീമിന്റെ മെന്ററും ധോണിയാണ്.